ന്യൂഡൽഹി: റിസര്വേഷന് ചെയ്ത സീറ്റ് മറ്റൊരാൾ തട്ടിയെടുത്ത സംഭവത്തിൽ ട്രെയിന് യാത്രക്കാരന് ഇന്ത്യൻ റെയിൽവെ 75000 രൂപ നഷ്ടപരിഹാരം നല്കണമെന്ന് ഡൽഹി ഉപഭോക്തൃ കമ്മീഷൻ. അനുവാദമില്ലാതെ മറ്റൊരാൾ റിസർവേഷൻ സീറ്റ് കൈയടക്കിയ സംഭവത്തിലാണ് നടപടി. ടിക്കറ്റ് ചെക്കറുടെ ശമ്പളത്തിൽനിന്ന് മൂന്നിലൊന്ന് പിടിച്ചെടുക്കാനും കമ്മീഷൻ ഉത്തരവിട്ടു. റിസർവേഷൻ സീറ്റ് യാത്രക്കാരന് നൽകാൻ ചെക്കർക്ക് കഴിഞ്ഞില്ലെന്ന കാരണത്തിലാണ് നടപടി. ഡൽഹി സ്വദേശി വിജയകുമാറിനാണ് മുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്.
2013 മാർച്ച് 30 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വിജയ് കുമാർ വിശാഖപട്ടണത്തിൽനിന്നും ഡൽഹിയിലേക്ക് ദക്ഷിൺ എക്സ്പ്രസ് ട്രെയിനിൽ വരുമ്പോഴായിരുന്നു സംഭവം. ഇദ്ദേഹം റിസർവ് ചെയ്ത സീറ്റ് മറ്റൊരാൾ കൈവശപ്പെടുത്തി. മുട്ടുവേദന ഉള്ളതിനാലാണ് താഴത്തെ ബർത്ത് വിജയ് കുമാർ റിസർവ് ചെയ്തത്. മധ്യപ്രദേശിലെ ബിനയിൽനിന്നും കയറിയ യാത്രക്കാർ ഇദ്ദേഹത്തിന്റെ സീറ്റും ബർത്തും കൈയേറുകയായിരുന്നു. ഇവർ തനിക്കും മറ്റ് യാത്രക്കാർക്കും ബഹളംവച്ച് ബുദ്ധിമുട്ട് ഉണ്ടാക്കിയതായും വിജയ് കുമാർ പറയുന്നു. പരാതി പറയാൻ ടിക്കറ്റ് ചെക്കറെയും സുരക്ഷ ഉദ്യോഗസ്ഥരെയും അന്വേഷിച്ചെങ്കിലും ആരും ട്രെയിനിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പരാതിയിൽ പറയുന്നു.