ഡാളസ്: അൽക്വയ്ദ ബന്ധമുള്ള പാക് വനിത ആഫിയ സിദ്ദിഖിയെ ജയിൽമോചിതയാക്കണമെന്നാവശ്യപ്പെട്ട് ടെക്സസിലെ യഹൂദ സിനഗോഗിൽ റബ്ബി അടക്കം നാലു പേരെ ബന്ദികളാക്കിയ സംഭവത്തിൽ അക്രമിയെ തിരിച്ചറിഞ്ഞു. ബ്രിട്ടീഷ് പൗരൻ മാലിക് ഫൈസൽ അക്രം ആണ് അധികൃതർ അറിയിച്ചു.
നടന്നത് ഭീകരാക്രമണമെന്നും സ്ഥിരീകരിച്ചു. അതേസമയം മാലിക് മാനസിക രോഗിയെന്ന് സഹോദരൻ പറഞ്ഞു. സംഭവത്തെ കുടുംബം ശക്തമായി അപലപിച്ചു. ബ്രിട്ടനും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. രണ്ട് യുവാക്കളെ ബ്രിട്ടൻ അറസ്റ്റു ചെയ്തു.
ഭീകരാക്രമണത്തിന് ഇവർ മാലിക്കിനെ സഹായിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റു ചെയ്തത്.പത്തു മണിക്കൂർ നീണ്ട നാടകത്തിനൊടുവിലാണ് ബന്ദികളെ മോചിതരാക്കിയത്.
ഡാളസിലെ കോളീവില്ലിലുള്ള കോൺഗ്രിഗേഷൻ ബേത് ഇസ്രയേൽ സിനഗോഗിൽ ശനിയാഴ്ച രാവിലെ പതിനൊന്നിനു സാബത്ത് ചടങ്ങുകൾ ആരംഭിക്കവേ ആയിരുന്നു സംഭവം.
ചടങ്ങുകളുടെ ഫേസ്ബുക്ക് ലൈവിനിടെ അക്രമിയുടെ ശബ്ദവും കേൾക്കാമായിരുന്നു. ആഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്നും തന്റെ സഹോദരിയെ ഫോണിൽ കിട്ടണമെന്നും ഞാൻ മരിക്കാൻ പോകുകയാണെന്നുമൊക്കെ ഇയാൾ പറഞ്ഞു.
എഫ്ബിഐയും പ്രത്യേക സേനയും സ്ഥലത്തെത്തി. ആറു മണിക്കൂറിനുശേഷം ഒരു ബന്ദിയെ വിട്ടയച്ചു. പിന്നീട് പ്രത്യേക സേന അക്രമിയെ വധിച്ച് ബന്ദികളെ മോചിപ്പികുകയായിരുന്നു.
അൽക്വയ്ദ ബന്ധം ആരോപിക്കപ്പെടുന്ന ന്യൂറോ സയന്റിസ്റ്റായ ആഫിയ സിദ്ദിഖി (49) അമേരിക്കയിൽ 86 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്.
അഫ്ഗാനിസ്ഥാനിൽവച്ച് പിടിയിലായ ഇവർ ചോദ്യംചെയ്യലിനു വിധേയയാകവേ തോക്കു തട്ടിയെടുത്ത് അമേരിക്കൻ സൈനികരെ വധിക്കാൻ ശ്രമിച്ചു.
അമേരിക്കയിലെ മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളി(എംഐടി)യിൽ അടക്കം പഠിച്ചിട്ടുള്ള ഇവർ 2010ലാണു ശിക്ഷിക്കപ്പെട്ടത്.അതേസമയം, ബന്ദിനാടകത്തിൽ ആഫിയയ്ക്കു പങ്കില്ലെന്ന് അവരുടെ അഭിഭാഷകൻ പ്രതികരിച്ചു.