വൈക്കം: വൈക്കം ദളവാക്കുളം ബസ് ടെർമിനലിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിപ്പിടം സ്ഥാപിക്കാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. 20 ലക്ഷം രൂപ വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതി കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് ആരംഭിച്ചതാണ്.
ബസ് കാത്തിരിപ്പ് കേന്ദ്രം ഏറെക്കുറെ പൂർത്തിയായെങ്കിലും ഇരിപ്പിടമടക്കമുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടില്ല. ബസ് ടെർമിനലിൽ എത്തുന്ന യാത്രക്കാർ ബസ് എത്തുന്നവരെ ഇവിടെ നിൽക്കേണ്ടി വരുന്നു.
കുഞ്ഞുങ്ങളുമായെത്തുന്ന സ്ത്രീകളും വയോധികരുമാണ് ഇതോടെ വീർപ്പുമുട്ടുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണ ചുമതലയേറ്റ കരാറുകാരന് 9.50 ലക്ഷം രൂപ മാത്രമേ നൽകാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് നഗരസഭ അധികൃതർ പറയുന്നത്.
4.50 ലക്ഷം രൂപ കരാറുകാരനു നൽകാനായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അതു ലഭിച്ചു കഴിയുന്പോൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിപ്പിടങ്ങൾ കരാറുകാരൻ സ്ഥാപിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.
മാർച്ചിനകം ഈ പദ്ധതികൾ പൂർത്തിയാക്കേണ്ടത് അനിവാര്യമായതിനാൽ ദളവാക്കുളത്തെ ബസ് ടെർമിനലിലെ ആധുനിക ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ നിർമാണം വൈകാതെ പൂർത്തിയാകുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.