മാഡ്രിഡ്: സർറിയലിസത്തിന്റെ ആശാൻ സാൽവദോർ ദാലിയുടെ മരണാനന്തരവും അയാർഥ്യങ്ങളുടെ പകിടകളി. ദാലിയുടെ മകളെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന സ്ത്രീ മകളല്ലെന്ന് തെളിഞ്ഞു. ഡിഎൻഎ പരിശോധനയിലാണ് കാറ്റലോണിയൻകാരനായ ദാലിയുടെ നാട്ടുകാരിതന്നെയായ പിലാർ ആബേൽ മർട്ടിനെസ് (61) മകളല്ലെന്ന് തെളിഞ്ഞത്. ദാലി ഫൗണ്ടേഷനാണ് ഈ വാർത്ത പുറത്തുവിട്ടത്. ദാലിയുടേയും മർട്ടിനസിന്റെയും ഡിഎൻഎ തമ്മിൽ യോജിക്കുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതായി ഫൗണ്ടേൻ വക്താവ് പറഞ്ഞു.
മർട്ടിനെസ് മാഡ്രിഡിലെ കോടതിയിൽ നൽകിയ പിതൃ തർക്ക കേസിനെ തുടർന്ന് ദാലിയുടെ മൃതദേഹം കാറ്റലോണിയയിലെ മ്യൂസിയത്തിലുള്ള കല്ലറയിൽ നിന്നു പുറത്തെടുത്ത് ഡിഎൻഎ ശേഖരിച്ചിരുന്നു. ഈ സാമ്പിളും മർട്ടിനെസിന്റെ ഡിഎൻഎയുമാണ് പരിശോധിച്ചത്. മർട്ടിനെസിന്റെ പരാതിയിൽ നേരത്തേ രണ്ടുതവണ ഡിഎൻഎ പരിശോധനകൾ നടന്നിരുന്നു. എന്നാൽ ടെസ്റ്റിനായി എടുത്ത വസ്തുക്കളുടെ കാലപ്പഴക്കം കാരണം ഫലത്തിൽ അവ്യക്തത വന്നു. ഇതോടെ ഭൗതികശരീരം തന്നെ പുറത്തെടുത്തു തർക്കത്തിനു പരിഹാരം കാണാൻ കോടതി ഉത്തരവുണ്ടാകുകയായിരുന്നു.
1989ൽ എണ്പത്തിനാലാം വയസിലാണ് ദാലി അന്തരിച്ചത്. സംസ്കരിക്കും മുൻപു മൃതദേഹം എംബാം ചെയ്തിരുന്നു. മകളാണെന്നു തെളിയിക്കാനായിരുന്നെങ്കിൽ മക്കളില്ലാത്ത ദാലിയുടെ കോടിക്കണക്കിനു രൂപയുടെ സ്വത്ത് സ്വന്തമാക്കാൻ മാർട്ടിനസിന് കഴിയുമായിരുന്നു.
കാറ്റലോണിയയിലെ മുക്കുവ ഗ്രാമത്തിൽ ഭാര്യ ഗാലയോടൊപ്പം 1950 കളിൽ ദാലി വസിച്ചിരുന്നപ്പോൾ തന്റെ അമ്മയായ അന്തോണിയയുമായുള്ള ബന്ധത്തിൽ പിറന്നതാണു താനെന്നാണു പരാതിക്കാരിയുടെ വാദം. സാൽവദോർ ദാലിയുടെ ചിത്രങ്ങളുടെ മൂല്യം മാത്രം 300 ദശലക്ഷം യൂറോയാണെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇതു കൂടാതെയാണ് ദാലിയുടെ പേരിലുള്ള കൊട്ടാരവും മൂന്ന് മ്യുസിയങ്ങളും ഒട്ടേറെ മറ്റ് സ്വത്തുവകകളും. നിലവിൽ ഗാല സാൽവദോർ ദാലി ഫൗണ്ടേഷനാണ് ഇവയുടെയെല്ലാം ഉടമസ്ഥാവകാശം.
പ്രത്യക്ഷതലത്തിൽ അസംഭവ്യങ്ങളും പൊരുത്തക്കേടുകൾ ഉണ്ടെന്നു തോന്നിക്കുന്നവയുമായ രൂപങ്ങളും അസാധാരണ വർണവിന്യാസങ്ങളും അടങ്ങുന്ന ചിത്രങ്ങൾ രചിച്ച് അവയിലൂടെ യാഥാർഥ്യത്തിന്റെ അദൃശ്യതലങ്ങൾ അനുഭവവേദ്യമാക്കുന്ന സർറിയലിസ്റ്റ് കലയുടെ എക്കാലത്തേയും വലിയ ആശാനായിരുന്നു ദാലി.