ചെന്നൈ: വീട്ടിൽ ജോലിക്കുനിന്ന ദളിത് പെൺകുട്ടിയെ സിഗരറ്റ് കൊണ്ടു പൊള്ളിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്ന കേസിൽ ഡിഎംകെ എംഎൽഎ ഐ. കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരേ കേസ്.
തമിഴ്നാട്ടിലെ കല്ലുറിച്ചിയിലാണ് സംഭവം. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനു തയാറെടുക്കുന്ന പതിനെട്ടുകാരി കരുണാനിധിയുടെ മകന്റെ വീട്ടിൽ ജോലിക്കുപോയതു പരിശീലനത്തിനു പണം കണ്ടെത്താനാണ്. ഒരു വർഷമായി കുട്ടി ഇവിടെയാണു ജോലി ചെയ്തിരുന്നത്. പൊങ്കൽ അവധിക്ക് പെൺകുട്ടി ഉളുന്ദൂർപേട്ടയിലുള്ള കുടുംബവീട്ടിലേക്കു മടങ്ങി.
പിന്നീട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റയും സിഗരറ്റ് കൊണ്ടു പൊള്ളിച്ചതിന്റെയും പാടുകൾ കണ്ടെത്തിയ ഡോക്ടർമാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിഷയം ഡിഎംകെയുടെ ധാർഷ്ട്യത്തെയാണു കാണിക്കുന്നതെന്നും നടപടി വേണമെന്നും ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ ആവശ്യപ്പെട്ടു.
ഏഴ് വർഷമായി മകനും മരുമകളും വേറെയാണ് താമസിക്കുന്നതെന്നും അവരുടെ വീട്ടിൽ നടക്കുന്നത് എന്താണെന്ന് അറിയില്ലെന്നുമാണ് എംഎൽഎ കരുണാനിധിയുടെ പ്രതികരണം.
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുന്നതിനിടെ തുടർച്ചയായി ആരോപണം ഉയരുന്നത് ഭരണകക്ഷിയായ ഡിഎംകെയ്ക്ക് സമ്മർദ്ദമുണ്ടാക്കിയിട്ടുണ്ട്. മന്ത്രിമാർക്കെതിരേ തുടർച്ചയായി ഉണ്ടായ അഴിമതി ആരോപണവും ചെന്നൈ പ്രളയ സമയത്ത് സർക്കാർ വേണ്ടപോലെ പ്രവർത്തിച്ചില്ലെന്ന വിമർശനവും നിലനിൽക്കേയാണ് പുതിയ സംഭവം.