അഹമ്മദാബാദ്: ഗുജറാത്തിൽ കുതിരപ്പുറത്തു സഞ്ചരിച്ചതിനു ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ ഭവനഗർ ജില്ലയിൽ ഉമരാലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയാണ് പ്രദീപ് റത്തോഡ് (21) എന്ന യുവാവിനെ ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർ കൊലപ്പെടുത്തിയത്.
രണ്ട് മാസങ്ങൾക്കു മുന്പ റത്തോഡ് കുതിരയെ വാങ്ങിയിരുന്നു. ഇതിനെത്തുടർന്ന് ഉയർന്ന ജാതിക്കാർ ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രദീപ് കുതിരയുമായി വീടിനു പുറത്തേക്കുപോയപ്പോഴായിരുന്നു ആക്രമണം. രാത്രി വൈകിയും തിരികെ വരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത വയലിനു സമീപം റോഡിൽ പ്രദീപിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ചത്തനിലയിൽ കുതിരയേയും കണ്ടെത്തി.
അതേസമയം പ്രദീപ് കുതിരയുമായി പെണ്‍കുട്ടികൾ പോകുന്പോൾ അഭ്യാസം കാണിക്കാറുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.