ഭോപ്പാൽ: മധ്യപ്രദേശിൽ സഹോദരി നൽകിയ ലൈംഗിക പീഡനക്കേസിന്റെ പേരിൽ ദലിത് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. സഹോദരിയെ ക്രൂരമായി മർദിച്ച ആക്രമികൾ ഇവരുടെ മാതാവിനെ വിവസ്ത്രയാക്കുകയും വീട് തല്ലി തകർക്കുകയും ചെയ്തു.
സാഗർ ജില്ലയിലാണ് സംഭവം. 2019ലാണ് 18കാരിയായ ദളിത് പെൺകുട്ടിക്ക് നേരെ ലൈംഗീക പീഡനമുണ്ടായത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് മേൽ കടുത്ത സമ്മർദമുണ്ടായിരുന്നു.
പെൺകുട്ടിയും കുടുംബവും ഇവരുടെ ആവശ്യത്തിന് വഴങ്ങാത്തതാണ് സംഭവത്തിന് പിന്നിലെ കാരണം. വീട്ടിലേക്ക് ഇരച്ചെത്തിയ നൂറുകണക്കിന് ആളുകൾ പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇത് കണ്ട് സഹോദരിയെ രക്ഷിക്കാൻ ശ്രമിച്ച യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി.
മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമികൾ മാതാവിനെ വിവസ്ത്രയാക്കിയത്. തുടർന്ന് പോലീസ എത്തിയാണ് ഇവർക്ക് ധരിക്കാൻ വസ്ത്രം നൽകിയത്.
പെൺകുട്ടിയുടെ മറ്റ് സഹോദരങ്ങൾക്ക് വേണ്ടിയും ആക്രമികൾ ഗ്രാമത്തിൽ തെരച്ചിൽ നടത്തി. ഗ്രാമത്തിലെ ഓരോ വീടുകളിലും കയറിയിറങ്ങിയ ആക്രമികൾ എല്ലാവരെയും ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് മടങ്ങിയത്.
സംഭവത്തെത്തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികൾ പ്രകാരം സഹായം നൽകുമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകുകയും ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചതിനെയും തുടർന്നാണ് യുവാവിന്റെ അന്ത്യം കർമം നടത്താൻ കുടുംബം തയാറായത്.
സംഭവത്തിൽ മുഖ്യപ്രതികളായ ഒമ്പത് പേർക്കെതിരെ കേസെടുക്കുകയും മൂന്നുപേർക്കെതിരെ കൊലക്കുറ്റവും എസ്സി/എസ്ടി നിയമവും ചുമത്തുകയും ചെയ്തിട്ടുണ്ട്. എട്ട് പേരെ അറസ്റ്റ് ചെയ്തതായും അഡീഷണൽ പോലീസ് സൂപ്രണ്ട് സഞ്ജീവ് ഉയ്കെ അറിയിച്ചു.
ഈ സംഭവം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ സംഘർഷത്തിന് കാരണമായിരിക്കുകയാണ്. പ്രതിപക്ഷമായ കോൺഗ്രസും മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയും ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി.