വൈപ്പിൻ: കടൽക്ഷോഭത്തെ തുടർന്ന് നായരന്പലം ദേവി വിലാസം സ്കൂളിലെ ദുരിതാശ്വാസ ക്യാന്പ് സന്ദർശിക്കാനെത്തിയ ഡെപ്യൂട്ടി കളക്ടറെയും സൂപ്രണ്ടിനെയും ദുരിതബാധിതരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് മൂന്ന് മണിക്കൂറോളം തടഞ്ഞുവച്ചു. ദുരന്ത നിവാരണ വിഭാഗം ജില്ലാ അധ്യക്ഷകൂടിയായ ഡെപ്യൂട്ടി കളക്ടർ പി.ഡി. ഷീലാദേവി, കളക്ടറേറ്റിലെ സൂപ്രണ്ട് നൂറുള്ളാഖാൻ എന്നിവരെയാണ് തടഞ്ഞു വെച്ചത്.
വൈകുന്നേരം 4.30ഓടെയാണ് സംഭവം. ക്യാന്പ് സന്ദർശിച്ചശേഷം തിരിച്ച് പോകാൻ ജീപ്പിൽ കയറിയസമയം ദുരിതബാധിതരും പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോബി വർഗീസ്, ദുരിതബാധിതൻ കൂടിയായ പഞ്ചായത്തംഗം അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കളക്ടറുടെ ജീപ്പ് തടയുകയായിരുന്നു.
ഓഖി ദുരന്തം ഉണ്ടായ സമയത്ത് എംഎൽഎ ഇടപെട്ട് ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ചേർന്ന് തയാറാക്കി സർക്കാരിൽ സമർപ്പിച്ച പുനരധിവാസ പദ്ധതി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഡെപ്യൂട്ടി കളക്ടറെയും കൂടെയെത്തിയ റവന്യു ഉദ്യോഗസ്ഥനെയും ബന്ദിയാക്കിയത്.
കടൽക്ഷോഭത്താൽ നിത്യവും ദുരിതമനുഭവിക്കുന്ന വെളിയത്ത് പറന്പ് കടപ്പുറത്തെ 13 കുടുംബങ്ങളെ പുനരധിവസിപ്പിക്കുക, നായരന്പലത്ത് പുലിമുട്ട് നിർമിക്കുക, ഓഖിയിൽ വീടുതകർന്നവർക്ക് വീടുകൾ നിർമിച്ചു നൽകുന്നതുവരേയ്ക്കും ഇവർ താമസിക്കുന്ന കെട്ടിടത്തിന്റെ വാടക നൽകുക എന്നിവയായിരുന്നു ദുരിതബാധിതരുടെ ആവശ്യം.
സംഭവത്തെ തുടർന്ന് ഞാറക്കൽ എസ്ഐ രഗീഷ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി .വിവരമറിഞ്ഞ് ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരം രാത്രി ഏഴോടെ കൊച്ചി തഹസിൽദാർ കെ.വി. അംബ്രോസും സ്ഥലത്തെത്തി . പിന്നീട് ഡെപ്യൂട്ടി കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ 13 വീട്ടുകാരിൽ മത്സ്യതൊഴിലാളികളായ 10 വീട്ടുകാരെ ഫിഷറീസ് വകുപ്പിന്റെ പദ്ധതിയിൽ പെടുത്തി പുനരധിവാസിപ്പിക്കാൻ നടപടി സ്വീകരിക്കാമെന്നും ബാക്കി മൂന്ന് കുടുംബങ്ങളെ മറ്റേതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്താമെന്നും ഉറപ്പ് നൽകി.
ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ജില്ലാകളക്ടർക്ക് നൽകും. ആവശ്യമെങ്കിൽ ജില്ലാകളക്ടറുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികളുടെ യോഗം വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാമെന്നും ഡെപ്യൂട്ടി കളക്ടർ ഉറപ്പ് നൽകി. എന്നാൽ വാടകയുടെ കാര്യത്തിൽ തീരുമാനമായെന്നും ജില്ലയിലെ 9 കുടുംബങ്ങൾക്കുള്ള വാടക അനുവദിച്ച് ഉത്തരവായിട്ടുള്ളതിൽ ആറു കുടുംബങ്ങൾ നായരന്പത്തേതാണെന്നും തഹസിൽദാർ അറിയിച്ചു.
ചർച്ചയിൽ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ഷിബുവും സംബന്ധിച്ചു. അതേ സമയം ഇന്നലെ കടൽ പൊതുവെ ശാന്തമായിരുന്നതിനാൽ കടൽ കയറ്റം അനുഭവപ്പെട്ടില്ല. ദുരിതാശ്വാസ ക്യാന്പിൽ ഇപ്പോൾ 9 വീടുകളിൽ നിന്നായി 40 പേരാണുള്ളത്.