പഠനകാലത്തും തുടര്‍ന്ന് ജീവിതത്തിലും ദളിത് സ്ത്രീ എന്ന നിലയില്‍ നേരിടേണ്ടിവന്ന അനുഭവങ്ങളുടെ തുറന്നുപറച്ചിലാണ് രജനി പാലാംപറമ്പിലിന്റെ “ആ നെല്ലിമരം പുല്ലാണ്’’ എന്ന പുസ്തകം.
സാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നതിനാൽ പലതിനോടും കലഹിച്ചും പൊരുതിയുമാണ് ഇവിടെവരെ എത്തിയത്. ആ അനുഭവങ്ങളാണ് പുസ്തകമായി പിറവിയെടുത്തതെന്ന് കടുത്തുരുത്തി പാലാംപറമ്പില്‍ (പടിക്കത്താഴം) രജനി പറഞ്ഞു. രജനി പാലാംപറമ്പിലിന്റെ ആ നെല്ലിമരം പുല്ലാണ് എന്ന പുസ്തകം എംജി സര്‍വകലാശാലയിലെ ബിഎ മലയാളം സിലബസില്‍ ഇടംപിടിച്ചു. അതില്‍ ഏറെ സന്തോഷമുണ്ടെന്ന് രജനി പറഞ്ഞു.
ഓര്‍മവച്ച കാലം മുതല്‍ 2021 വരെയുള്ള സ്വന്തം ജീവിതമാണ് അന്‍പത്തൊന്നുകാരിയായ രജനി പുസ്തകത്തില്‍ വിവരിക്കുന്നത്. രജനിയുടെ ആത്മകഥയും ആദ്യപുസ്തകവുമാണിത്. ആ നെല്ലിമരം പുല്ലാണ് എന്ന ആത്മകഥയ്ക്കുശേഷം പെണ്‍കനല്‍ രേഖകള്‍ എന്ന പുസ്തകവും പുറത്തിറക്കി. ഇപ്പോള്‍ ചെറുകഥകള്‍ എഴുതുന്നുണ്ട്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്ന് ലഭിച്ച താത്കാലിക ജോലിയുടെ ഭാഗമായി ഡിജിറ്റല്‍ സര്‍വേ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് രജനിയിപ്പോള്‍.
രണ്ടുതവണ പിഎസ്സി പരീക്ഷയെഴുതിയെങ്കിലും ലിസ്റ്റുകളുടെ കാലാവധി കഴിഞ്ഞതിനാല്‍ ജോലി ലഭിച്ചില്ല. ഭര്‍ത്താവ് മോഹനന് മരിച്ചതോടെ പലയിടത്തും ജോലി ചെയ്താണ് കുട്ടികളെ പഠിപ്പിച്ചത്. സ്വന്തം വീട് ഇടിഞ്ഞുവീണതോടെ വാടകവീട്ടിലാണ് താമസം. മക്കള്‍: അപര്‍ണ മോഹനന് (എംഎസ്ഡബ്യൂ), ആനന്ദ് മോഹനന്(പ്ലസ്ടു).