ലക്നോ: ദളിത് യുവാവിനെ വിവാഹം കഴിച്ചതിനു കൊലപ്പെടുത്താൻ ശ്രമിക്കുന്നതായ ആരോപണം നിഷേധിച്ച് ഉത്തർപ്രദേശ് ബിജെപി എംഎൽഎ രാജേഷ് മിശ്ര. ദളിത് യുവാവിനെ വിവാഹം കഴിക്കരുതെന്ന് ആവശ്യപ്പെട്ട് മകൾക്കുമേൽ ഒരു തരത്തിലുള്ള സമ്മർദവും ചലുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ മകൾ പ്രായപൂർത്തിയായ ആളാണ്. തീരുമാനം എടുക്കാനുള്ള എല്ലാ അവകാശവും അവൾക്കുണ്ട്. തന്റെ കുടുംബത്തിലേയോ താനുമായി ബന്ധപ്പെട്ട ആരും തന്നെയോ മകളെ ഭീഷണിപ്പെടുത്തിയിട്ടില്ല. മകളുടെ വിവാഹത്തിന് എതിരല്ല.
യുവാവിന് മകളേക്കാള്‍ ഒമ്പതു വയസ് കൂടുതലാണെന്നതാണ് തന്റെ ഏക ആശങ്ക. ഒരു പിതാവെന്ന നിലയില്‍ അവരുടെ ഭാവിയെക്കുറിച്ചും ആശങ്കയുണ്ടെന്നും ബരേലി ജില്ലയിലെ ബിതാരി ചെയ്ൻപുർ മണ്ഡലത്തിൽനിന്നുള്ള എംഎൽഎ രാജേഷ് മിശ്ര പറഞ്ഞു.
രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്ര സമൂഹ മാധ്യമങ്ങളിലൂടെ പിതാവിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. രാജേഷ് മിശ്രയും കൂട്ടാളികളും തങ്ങളെ കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സാക്ഷി മിശ്ര പറഞ്ഞു.
ദളിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവും സാക്ഷിയും തമ്മില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു ഇവര്‍ വിവാഹിതരായത്.