ന്യൂഡൽഹി: പട്ടികജാതിക്കാരെ “ദളിത്’ എന്നു വിളിക്കുന്നതു വിലക്കി കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ചു ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം രാജ്യത്തെ ടിവി ചാനലുകൾക്കു നിർദേശം നൽകി. ഓഗസ്റ്റ് ഏഴിനു സ്വകാര്യ ടെലിവിഷൻ ചാനലുകൾക്ക് അയച്ച കത്തിൽ, ബോംബെ ഹൈക്കോടതി ഉത്തരവനുസരിച്ച് മാധ്യമങ്ങൾ “ദളിത്’ എന്ന പദം ഉപയോഗിക്കുന്നതിൽനിന്നു വിട്ടുനിൽക്കണമെന്നു മന്ത്രാലയം ആവശ്യപ്പെടുന്നു.
രണ്ടു കോടതി വിധികളെ അടിസ്ഥാനമാക്കിയാണു കേന്ദ്രത്തിന്റെ ഉത്തരവെങ്കിലും നിരോധനം വിവാദമായിട്ടുണ്ട്. ഒരു വാക്കു നിരോധിച്ചതുകൊണ്ടു ദളിത് സമൂഹത്തിന്റെ നില മെച്ചപ്പെടുന്നില്ലെന്നു രാഷ്ട്രീയ നേതാക്കളും സാമൂഹ്യപ്രവർത്തകരും പറയുന്നു.
പട്ടികജാതിക്കാർ നേരിടുന്ന അടിച്ചമർത്തലിനെക്കുറിച്ചുള്ള റിപ്പോർട്ടിംഗിനെ നിരോധനം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. മാധ്യമങ്ങൾ ഒരു പദം ഉപയോഗിക്കാതിരുന്നാൽ ദളിതുകൾ നേരിടുന്ന അടിച്ചമർത്തലുകൾ ഇല്ലാതാകുന്നില്ല. മാധ്യമങ്ങൾ തീർച്ചയായും ഈ വാക്ക് ഉപയോഗിക്കുന്നതു തുടരണം- എംഎൽഎയായ ഉദിത് രാജ് പറഞ്ഞു.
ഭരണഘടനയിൽ പറഞ്ഞിട്ടില്ലാത്തതിനാൽ സർക്കാർ ദളിത് വാക്ക് ഉപയോഗിക്കരുതെന്ന് ജനുവരിയിൽ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട എല്ലാ ഒൗദ്യോഗിക ആശയവിനിമയങ്ങളിലും “പട്ടികജാതി’ അല്ലെങ്കിൽ അതിന്റെ വിവർത്തനം ഉപയോഗിക്കണം എന്ന് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം മാർച്ചിൽ സർക്കുലറിറക്കി.
ജൂണ് 6-ന്, പ്രസ് കൗണ്സിലിലേക്കും മാധ്യമങ്ങളിലേക്കും ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകണമെന്ന് ബോംബെ ഹൈക്കോടതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് കേന്ദ്രത്തിന്റെ ഉത്തരവ്.