മൊറാദാബാദ്: പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരണവുമായി ഉത്തർപ്രദേശിലെ ദളിത് സമുദായം. മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന മൊറാദാബാദ് മണ്ഡലത്തിലാണ് ആയിരത്തോളം ദളിതർ വോട്ട് ബഹിഷ്കരിച്ചത്. ഒടുവിൽ പോലീസ് ഒത്തുതീർപ്പ് ചർച്ചകൾക്കു എത്തിയതോടെ വോട്ട് രേഖപ്പെടുത്താൻ ജനങ്ങൾ തയാറാകുകയായിരുന്നു.
ബിജ്നോർ ജില്ലയിലെ ബദാപുർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം ദളിതരായ മൂന്നു യുവാകൾക്കു നേരെ വെടിവയ്പുണ്ടായിരുന്നു. ഇതിൽ ഒരു യുവാവ് മരിക്കുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിലെ കുറ്റക്കാരുടെ വിവരം ഉൾപ്പെടെ പോലീസിനു കൈമാറിയെങ്കിലും നടപടി സ്വീകരിച്ചില്ല. ഇതേതുടർന്നാണ് മുകുന്ദ്പുർ ഗ്രാമവാസികൾ ഒന്നടങ്കം വോട്ട് ബഹിഷ്കരിച്ചത്.
തിങ്കളാഴ്ച തന്നെ ഗ്രാമത്തലവൻ ബഹിഷ്കരണം പ്രഖ്യാപിച്ചിരുന്നു. ഉച്ചവരെ ഗ്രാമത്തിൽ ആരും വോട്ട് ചെയ്തില്ല. ഇതോടെ പോലീസും ജില്ലാ ഭരണകൂടവും ചർച്ചയ്ക്കു തയാറായി. ഒടുവിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ പോളിംഗ് ബൂത്തിൽ എത്തുകയായിരുന്നു.
ഒരു മണിയോടെ ജനങ്ങൾ വോട്ട് ചെയ്യാൻ എത്തിത്തുടങ്ങിയെന്നും വോട്ടിംഗ് അവസാനിച്ചപ്പോൾ ഇവിടെ 52 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നും ബിജ്നോർ ജില്ലാ മജിസ്ട്രേറ്റ് സജീത് കുമാർ പറഞ്ഞു.