പേരാമ്പ്ര: കുറ്റിയാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി അണക്കെട്ടില്‍ ജലസംഭരണം തുടങ്ങി. കനാല്‍ വഴി ജില്ലയിലെ കൃഷി ആവശ്യത്തിനുള്ള ജലം തുറന്നു വിടുന്നതിനു വേണ്ടിയാണിത്. മഴ ചതിച്ചതിനാല്‍ ഇക്കുറി ഈ മാസമൊടുവില്‍ തന്നെ ജലം വിടാനാണ് ലക്ഷ്യമിടുന്നത്. 44.41 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷിയെങ്കിലും ഇത്രയും ജലം ഉയര്‍ത്താനാകില്ല. റിസര്‍വോയറിന്റെ തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകു മെന്നതിനാലാണിത്. വീടുകളും റോഡുകളും ജലത്തില്‍ മുങ്ങും. ഡാമില്‍ സംഭരണം നടക്കുമ്പോള്‍ മുതുകാട്ടില്‍ റിസര്‍വോയര്‍ തീരത്തുള്ള ബാലകൃഷ്ണന്റെ വീട് പതിവായി ജലഭീഷണി നേരിടുന്ന സ്ഥിതിയുണ്ട്. അതിനാല്‍ തന്നെ 42.4 ല്‍ കൂടുതല്‍ ജലം നിറക്കാനാകില്ല. ബാലകൃഷ്ണനു ഇക്കാര്യത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കോടതി സംരംക്ഷണവുമുണ്ട്.
കഴിഞ്ഞ മാസം 27നാണ് ജലസംഭരണത്തിനായി ഡാം അടച്ചത്. ഈ മാസം 26 നു ജലം കനാലിലേക്കു വിടുമെന്നു സൂചനയുണ്ട്. അതേ സമയം കനാലുകള്‍ വൃത്തിയാക്കുന്ന ജോലികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതിനായി ജല ഗുണഭോക്താക്കള്‍ ഉള്‍ക്കൊള്ളുന്ന ഗ്രാമ പഞ്ചായത്തുകളുടെ സഹായം ജലസേചന വകുപ്പധികൃതര്‍ തേടിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കനാലുകളിലെ ചെളിയും കാടും നീക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഗ്രാമപഞ്ചായത്തുകള്‍ക്കു ഔദ്യോഗികമായി കത്തു നല്‍കിയിട്ടുണ്ട്. മുന്‍ വര്‍ഷവും ഇതേ മാര്‍ഗത്തിലാണ് കനാല്‍ ക്ലീനിംഗ് നടത്തിയത്.
കനാലുകളും നീര്പ്പോലങ്ങളും പലയിടങ്ങളിലും ഗുരുതരമായ ചോര്‍ച്ച നേരിടുന്നുണ്ട്. ഫണ്ടിന്റെ അഭാവം കാരണം ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങളായി വകുപ്പിനു കഴിയുന്നില്ല. ആക്ഷന്‍ പ്ലാനില്‍ ഇക്കുറി 2 കോടി രൂപയാണ് ഇതിനായി നടപ്പുവര്‍ഷം സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം ഇത് 2.40 കോടിയായിരുന്നു. ഇക്കുറി വിഹിതം വെട്ടിക്കുറച്ചു. കമ്മിയായ ഫണ്ടുകൊണ്ട് ഏതൊക്കെ പ്രവര്‍ത്തി നടത്താനാകുമെന്ന ആശങ്ക കുറ്റിയാടി ജലസേചന വകുപ്പധികൃതര്ക്കുണ്ട്.
ഇതിനിടയില്‍ ഡാമിന്റെ ബലപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വൃഷ്ടിപ്രദേശ നവീകരണ പ്രവര്‍ത്തി നടന്നു വരുന്നുണ്ട്. വിവിധ എര്‍ത്ത് ഡാമുകളും ബലപ്പെടുത്തും. ഇതിനായി 22 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കനാലുകളുടെ നവീകരണത്തിനു ഈ പണം വിനിയോഗിക്കാനാകുകയില്ല. ബലപ്പെടുത്തുന്നതിന്റെ ഭാഗമായി ഡാമില്‍ ഗ്രൗട്ടിംഗ് പ്രവര്‍ത്തി നടന്നു വരികയായിരുന്നു. ജലസംഭരണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഗ്രൗട്ടിംഗ് പ്രവര്‍ത്തി നിര്‍ത്തിവയ്ക്കും.