വടക്കഞ്ചേരി: വൃഷ്ടി പ്രദ്ദേശങ്ങളിലെ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന് മംഗലംഡാമിന്റെ ഷട്ടർ തുറക്കുന്നതിനുള്ള ആദ്യ മുന്നറിയിപ്പ് നൽകി. കനത്ത മഴ തുടർന്നാൽ രണ്ടുദിവസത്തിനുള്ളിൽ ഷട്ടറുകൾ തുറന്ന് വെള്ളം മംഗലം പുഴയിലേക്ക് വിടുമെന്ന് അധികൃതർ അറിയിച്ചു.പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പുഴയിൽ തുണി കഴുകുന്നവരും കുളിക്കുന്നവരും മാടുകളെ കഴുകുന്നവരും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴയെ തുടർന്ന് മംഗലം പുഴയിൽ ഇപ്പോൾ തന്നെ വെള്ളം നിറഞ്ഞാണ് ഒഴുകുന്നത്.ജലനിരപ്പ് 77.28 മീറ്ററിൽ എത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പ് നല്കുകയും ഷട്ടറുകൾ തുറക്കുകയും ചെയ്യും. 77.88 മീറ്ററാണ് മംഗലം ഡാമിലെ പരമാവധി ജലനിരപ്പ്. മഴ കുറവായ ഈ വർഷം വെള്ളം നിറഞ്ഞ് ഷട്ടർ തുറക്കുന്ന സംസ്ഥാനത്തു തന്നെ ഏതാനും ഡാമുകളിലൊന്നാകും മംഗലംഡാം.കഴിഞ്ഞ വർഷം ജൂലൈ 17നാണ് വെള്ളം നിറഞ്ഞു മംഗലംഡാം തുറന്നത്.