പറവൂർ: ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന പുത്തൻവേലിക്കരയിൽ കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ 11 ഷട്ടറുകളും തുറന്നതിനെ തുടർന്ന് ചാലക്കുടിയാറിൽ രണ്ടുദിവസമായി ഉയർന്നിട്ടുള്ള ജലനിരപ്പ് നിയന്ത്രണ വിധേയമായി.
ഷട്ടറുകളിലൂടെ വെള്ളം പെരിയാറിലേക്ക് ഒഴുകി അറബിക്കടലിൽ പതിക്കുന്നതിനാൽ പുത്തൻവേലിക്കര, കുണ്ടൂർ, കുഴൂർ, അന്നമന്നട തുടങ്ങിയ പഞ്ചായത്തുകളിൽ വെള്ളം ഉയരുവാനുള്ള സാധ്യത ഇല്ലാതെയായിട്ടുണ്ട്. ന്യൂനമർദവും തുലാവർഷമഴയും ശക്തിപ്പെട്ടതിനെ തുടർന്ന് ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിട്ടതിനാലാണ് ചാലക്കുടി പുഴയിൽ ജലവിതാനം ഉയർന്നത്.
കാർഷിക ഗ്രാമമായ പുത്തൻവേലിക്കര എറണാകുളം ജില്ലയുടെ ഭാഗമാണെങ്കിലും ഭൂമിശാസ്ത്രപരമായി തൃശൂർ ജില്ലയുമായി ബന്ധപ്പെട്ട് കിടക്കുകയാണ്. രണ്ടു പുഴകളും സന്ധിക്കുന്ന പ്രദേശത്താണ് കഴിഞ്ഞ വെള്ളപ്പൊക്കക്കാലത്ത് ഏറെ ദുരിതങ്ങളുണ്ടായത്.