ചെറുതോണി: കരകാണാക്കയത്തിലും നിലയില്ലാ ആഴങ്ങളിലും ചാടിയും നീന്തിയും കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും നിഥിന് ഇടുക്കിയിൽ അടിതെറ്റി. ആഴമറിയാതെ ചാടിയാൽ മല്ലനും മറിയും എന്ന പാടവുമായാണ് ഇടുക്കിയിൽനിന്നും നിഥിൻ തോമസ് എന്ന നേവിയിലെ ഡൈവിംഗ് വിദഗ്ധനും സംഘവും മടങ്ങിയത്.
ഇന്നലെ സുഹൃത്തുക്കളായ ആറുപേർക്കൊപ്പം ഇടുക്കി ആസ്വദിക്കാനെത്തിയതായിരുന്നു കൊച്ചിയിലെ നേവി ഉദ്യോഗസ്ഥനായ നിഥിൻ. എറണാകുളത്തുനിന്ന് തൊടുപുഴ വഴി കുളമാവിൽ എത്തിയപ്പോൾ ഡാമിന്റെ മുകളിലൂടെ സുഹൃത്തുക്കളുമായി സംസാരിച്ചു നടന്നുനീങ്ങുന്നതിനിടെ വെള്ളം കണ്ട് പെരുത്തിട്ട് ഡാമിന്റെ നടുഭാഗത്തെത്തിയപ്പോൾ കൈവരിയിൽ ചാടിക്കയറി വെള്ളത്തിലേക്ക് നിഥിൻ ചാടുകയായിരുന്നു.
ഡാമിൽ വെള്ളം കുറവായിരുന്നതിനാൽ നിഥിൻ ചാടിയ ഭാഗത്ത് നൂറടിയിലേറെ താഴ്ചയുണ്ടായിരുന്നു. ആഴക്കടലിൽ ചാടി പരിശീലിച്ച നിഥിന് ആഴം അനായാസമാണെങ്കിലും ഇടുക്കിയിലെ വെള്ളം പണികൊടുത്തു. ഗാഢത കൂടിയ വെള്ളത്തിൽ വീണ നേവിയുടെ ഡൈവിംഗ് താരം വെള്ളത്തിൽ കുഴഞ്ഞുപോയി.
ഒരടിപോലും നീന്താൻ കഴിയാതെ വെള്ളത്തിലേക്ക് ആണ്ടുപോയ വിദഗ്ധനെ സംഭവം കണ്ടുകൊണ്ടിരുന്ന ഡാമിലെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ എസ്.എസ്.പ്രമോദും ഡാം പരിസരത്ത് തട്ടുകട നടത്തുന്ന രാജുവും ചേർന്ന് രക്ഷിക്കുകയായിരുന്നു. ഡാമിന്റെ ചുവട്ടിലേക്ക് ഓടിയിറങ്ങിയ ഇരുവരും നീന്തി നിഥിന്റെ അടുത്തെത്തി ഇയാളെ വലിച്ച് കരയ്ക്കടുപ്പിച്ചു.
ഒരു മിനിറ്റുകൂടി കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഈ നേവി വിദഗ്ധനെ രക്ഷിക്കാൻ കഴിയാതെവന്നേനേ എന്ന് ഇരുവരും പറയുന്നു. ഗാഢത കൂടിയ വെള്ളത്തിൽ മുങ്ങിപ്പോയാൽ പൊങ്ങിവരാൻ പ്രയാസമാണ്. മർദം കൂടി ചെവിയിലൂടെയും മൂക്കിലൂടെയും രക്തസ്രാവവും ഉണ്ടാകും. ഇത് അപകടമാണ്. ഭാഗ്യത്തിന് ഇതിനുമുന്പേ നിഥിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് പ്രമോദും രാജുവും.