മഹാരാഷ്ട്രയിലെ അണക്കെട്ട് തകരുവാൻ കാരണം ഞണ്ടുകളാണെന്ന് മന്ത്രി പറഞ്ഞതിനാലെ ഞണ്ടുകളുമായി പോലീസ് സ്റ്റേഷനിൽ എത്തി എൻസിപി നേതാവ്. ജലസേചന മന്ത്രി തനാജി സാവന്താണ് അണക്കെട്ട് തകരുവാൻ കാരണക്കാർ ഞണ്ടുകളാണെന്ന് പറഞ്ഞത്.
ഇതിനു പിന്നാലെ എൻസിപി നേതാവായ ജിതേന്ദ്ര അവ്ഹാദും മറ്റ് പ്രവർത്തകരും ഞണ്ടുകളുമായി പോലീസ് സ്റ്റേഷനിലെത്തി ഇവയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മന്ത്രി പറഞ്ഞ അണക്കെട്ട് ദുരന്തത്തിന്റെ ഉത്തരവാദികളെ കൊണ്ടുവന്നിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.
ബിജെപി ഭരിക്കുന്ന സർക്കാരിന് നാണമില്ലെന്നും ഈ സംഭവത്തിന് കാരണക്കാരനായ ഡാം നിർമിച്ച കോണ്ട്രാക്ടറെ അദ്ദേഹം സംരക്ഷിക്കുവാൻ ശ്രമിക്കുകയാണെന്നും ജിതേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
ഈ സംഭവത്തിന് കാരണക്കാർ ഞണ്ടുകളാണെങ്കിൽ ഇന്ത്യൻ പീനൽ കോഡിലെ 302-ാം വകുപ്പ് അനുസരിച്ച് ഞണ്ടുകൾക്കെതിരെ കൊലക്കേസിന് നിയമനടപടി സ്വീകരിക്കണമെന്ന് എൻസിപി നേതാവ് മെഹ്ബൂബ് ഷെയ്ഖ് ആവശ്യപ്പെട്ടു.
തകർന്ന ഡാമിനു ചുറ്റും ഞണ്ടുകളുണ്ടായിരുന്നുവെന്നും അത് കാരണമാണ് അണക്കെട്ടിൽ വിള്ളലും ചോർച്ചയുമുണ്ടായതെന്നുമായിരുന്നു മന്ത്രിയുടെ വാദം.