ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ മൂന്നു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ ഒന്നേകാല്‍ ലക്ഷം ലീറ്റര്‍ (125 ക്യുമെക്സ്) വെള്ളമാണ് പുറത്തേക്കു വിടുന്നത്. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളം പുറത്തേക്കു വിടുന്നത്.
അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പടുവിച്ചിരുന്നു. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ ഏഴിന് ജലനിരപ്പ് 2401 അടി പിന്നിട്ടു. സംഭരണശേഷിയുടെ 97.61 ശതമാനമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നു നിര്‍ദേശമുണ്ട്.
വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീരൊഴുക്കു തുടരുന്നതിനാല്‍ രാത്രിയിലും ട്രയല്‍ റണ്‍ തുടര്‍ന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31 ന് ട്രയല്‍ റണ്‍ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം വീതമാണ് ഒഴുക്കിവിട്ടത്.
ചെറുതോണി ഡാമിന്റെ താഴത്തുള്ളവരും ചെറുതോണി പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവരും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ജീവന് ബാബു അറിയിച്ചു. പുഴയില്‍ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.
മഴയും നാശനഷ്ടങ്ങളും തുടരുന്ന സാഹചര്യത്തില്‍ കേരളത്തിന് സഹായവുമായി തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളും പ്രധാനമന്ത്രിയും രംഗത്തെത്തി. മഴക്കെടുതിയെ നേരിടാന്‍ 10 കോടി രൂപ നല്‍കുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കേരളത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചിരുന്നു. അഞ്ച് കോടി രൂപയാണ് തമിഴ്നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഇതേസമയം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ദുരന്തനിവാരണത്തിന് സജ്ജമാക്കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസ് സ്വീകരിക്കുന്ന സുരക്ഷാ നടപടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കണമെന്നും സോഷ്യല്‍ മീഡിയ വഴിയും മറ്റും വ്യാജവാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും അത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്റ്റേറ്റ് പോലീസ് മോണിറ്ററിങ് റൂം കണ്ട്രോള് റൂമായി പ്രവര്‍ത്തിക്കും. ആവശ്യമായ സ്ഥലങ്ങളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ മേഖലാ റേഞ്ച് ഐജി മാരുടേയും ജില്ലാ പോലീസ് മേധാവിമാരുടേയും നേതൃത്വത്തില്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. പുതുതായി പാസിങ് ഔട്ട് കഴിഞ്ഞ വനിതാ കമാന്‍ഡോകളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും.
ഐ ആര് ബറ്റാലിയനെ പൂര്‍ണ്ണമായും രംഗത്തിറക്കി. മഴ കൂടുതല്‍ ശക്തമായ സ്ഥലങ്ങളില്‍ രാത്രിയിലും പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലായിരിക്കണമെന്നും നിര്‍ദ്ദേശം നല്കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ജില്ലാ പോലീസ് മേധാവിമാര്‍ ജില്ലാഭരണകൂടവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തും. ഡിസ്ട്രിക് എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകളില്‍ ആവശ്യമായ പോലീസുദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കി.