സെബി മാത്യു
ന്യൂഡൽഹി: മുന്നറിയിപ്പും മുൻകരുതലുകളും ഇല്ലാതെ അണക്കെട്ടുകൾ തുറന്നുവിട്ടതാണ് കേരളത്തിലെ മഹാപ്രളയത്തിനു കാരണമായതെന്ന ആരോപണങ്ങൾ പൊളിയുന്നു. മഹാപ്രളയത്തിന്റെ ഭാഗമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും പരോക്ഷമായി കേന്ദ്രസർക്കാരും ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ജല കമ്മീഷൻ വ്യക്തമാക്കുന്നത്.
അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയാണ് കേരളത്തിലെ പ്രളയദുരന്തത്തിന് കാരണമായതെന്ന് ജല കമ്മീഷൻ തയാറാക്കിയ കരട് റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ടുകളിൽ വളരെവേഗം വെള്ളം നിറഞ്ഞതോടെ തുറന്നുവിടുകയല്ലാതെ മറ്റൊരു പോംവഴിയും ഇല്ലായിരുന്നു.
കേരളം നേരിട്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തം നിയന്ത്രിക്കാവുന്നതിന് അപ്പുറമുള്ളതായിരുന്നെന്നാണ് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ടിൽ വിലയിരുത്തുന്നത്. കേരളം നേരിട്ട പ്രളയത്തെക്കുറിച്ചുള്ള അന്തിമ പഠന റിപ്പോർട്ട് കമ്മീഷൻ ഉടൻ കേന്ദ്രസർക്കാരിന് സമർപ്പിക്കും.
അണക്കെട്ടുകൾ അപ്രതീക്ഷിതമായി തുറന്നതാണ് കേരളത്തിലെ പ്രളയത്തിനു കാരണമായതെന്ന് സ്ഥാപിച്ചെടുക്കുകയാണ് കേന്ദ്രസർക്കാരിന്റെയും ലക്ഷ്യം. ജഐൻയുവിലെ ദുരന്തനിവാരണ വിഭാഗത്തിലെ അധ്യാപിക പ്രഫ.അമിതാ സിംഗും ഡൽഹി ഐഐടിയിലെ വിദഗ്ധൻ പ്രഫ. ഗൊസൈനും റിപ്പബ്ലിക് ചാനൽ അടക്കമുള്ള ബിജെപി അനുകൂലികളും ഈ വാദമാണ് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്.
അതിനിടെയാണ് പ്രളയത്തെക്കുറിച്ച് പ്രാഥമിക പഠനം നടത്തിയ ജല കമ്മീഷന്റെ കണ്ടെത്തലുകൾ ഈ ആരോപണങ്ങളെ പൂർണമായും തള്ളിക്കളയുന്നത്.
അപ്രതീക്ഷിതവും അതിശക്തവുമായ മഴ തുടർച്ചയായി ലഭിച്ചതാണ് വലിയ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. കേരളത്തിന്റെ ഭൂപ്രകൃതിയും പ്രളയം ഉയരാനുള്ള നിർണായക ഘടകമായി. വികലമായ വികസനപ്രവർത്തനങ്ങൾ, കൈയേറ്റങ്ങൾ എന്നിവ സ്ഥിതി അതീവ രൂക്ഷമാക്കി.
അണക്കെട്ടുകൾ നേരത്തേതന്നെ തുറന്നുവിട്ടാലും ഈ സാഹചര്യത്തിൽ പ്രളയത്തെ നിയന്ത്രിക്കാനാകുമായിരുന്നില്ല. ജലനിരപ്പ് ഉയർന്നത് വളരെ പെട്ടെന്നായിരുന്നു. സംസ്ഥാനത്തൊട്ടാകെ ശക്തമായ മഴ തുടർച്ചയയി പെയ്തു. അണക്കെട്ടുകൾ തുറന്നതാണ് പ്രളയത്തിന് കാരണമായതെന്ന ആരോപണം കഴന്പില്ലാത്തതാണെന്ന് കേന്ദ്ര ജലകമ്മീഷനിലെ പ്രളയ മുന്നറിയിപ്പു വിഭാഗം ഡയറക്ടർ സുഭാഷ് ചന്ദ്ര പറഞ്ഞു.
നിയന്ത്രിക്കാൻ കഴിയാത്ത ദുരന്തസാഹചര്യമായിരുന്നു കേരളത്തിൽ. നൂറോ അന്പതോ വർഷത്തിനുള്ളിൽ കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രളയമായിരുന്നു അത്. എത്ര വലിയ മുൻകരുതലെടുത്താലും ഒരു തരത്തിലും നിയന്ത്രിക്കാൻ കഴിയുമായിരുന്നതല്ല അത് എന്നും അദ്ദേഹം പറഞ്ഞു.പുനരധിവാസപ്രവർത്തനങ്ങൾ നടത്തുന്പോൾ പ്രളയം നൽകിയ പാഠങ്ങൾ ഒരു മുന്നറിയിപ്പായി കണ്ട് കേരളം വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും കേന്ദ്ര ജല കമ്മീഷന്റെ കരട് റിപ്പോർട്ടിൽ പറയുന്നു.