നേപിഡോ: സെൻട്രൽ മ്യാൻമറിൽ അണക്കെട്ടു തകർന്നുണ്ടായ വെള്ളപ്പാച്ചിലിൽ നിരവധി ഗ്രാമങ്ങൾ മുങ്ങുകയും കനത്ത നാശനഷ്ടം നേരിടുകയും ചെയ്തു.അന്പതിനായിരത്തോളം പേരെ സുരക്ഷിത മേഖലകളിലേക്ക് ഒഴിപ്പിച്ചുമാറ്റിയെന്ന് അധികൃതർ പറഞ്ഞു. ജീവാപായം ഉണ്ടായതായി റിപ്പോർട്ടില്ല.യാങ്കോൺ, മണ്ഡലയ്, നേ പിഡോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയിലും വെള്ളം കയറി.
ബുധനാഴ്ച പുലർച്ചെയാണ് സ്വാർ ജലസേചന അണക്കെട്ടിന്റെ സ്പിൽവേ തകർന്ന് വെള്ളം കുത്തിയൊഴുകി സമീപത്തെ രണ്ടു ഗ്രാമങ്ങളെ മുക്കിയത്. സ്വാർ പട്ടണത്തിലും വെള്ളം കയറി. യാങ്കോൺ-മണ്ഡലയ് ഹൈവേയിലെ സ്വാർ പ്രദേശത്തെ പാലം അധികൃതർ അടച്ചു. മറ്റു നിരവധി ചെറു ഗ്രാമങ്ങളിലും പ്രളയമുണ്ടായി. 8100 ഹെക്ടറിലെ ജലസേചനം ലക്ഷ്യമാക്കി 2004ലാണ് ഈ ഡാം നിർമിച്ചത്.
ഡാമിന്റെ സുരക്ഷയിൽ സമീപവാസികൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതെത്തുടർന്ന് അധികൃതർ പരിശോധന നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി ദിവസങ്ങൾക്കകമാണ് അപകടമുണ്ടായത്. തിങ്കളാഴ്ചയും ഇറിഗേഷൻ ഉദ്യോഗസ്ഥർ ഡാം സന്ദർശിച്ചിരുന്നുവെന്ന് അലിൻ പത്രം റിപ്പോർട്ടു ചെയ്തു.
വെളുപ്പിനു മുന്നറിയിപ്പില്ലാതെ വന്ന വെള്ളപ്പാച്ചിലിൽ തന്റെ വീട്ടിലെ മുഴുവൻ സാധനങ്ങളും നഷ്ടപ്പെട്ടെന്ന് കോൻ ഗ്യാ ലാൻ സോൺ ഗ്രാമവാസിയായ ആങ് ആങ് പറഞ്ഞു. പ്രളയ ജലം വരുന്നതു കണ്ട് താൻ മുന്നറിയിപ്പു നൽകിയതിനെത്തുടർന്നാണ് അയൽക്കാർ ഓടി രക്ഷപ്പെട്ടതെന്നും ആങ് റോയിട്ടേഴ്സിനോടു പറഞ്ഞു.
അണക്കെട്ടിനു സമീപമുള്ള ക്യാൻ ടാസു ഗ്രാമത്തിൽ എട്ടടിയോളം ഉയരത്തിൽ വെള്ളം എത്തി. സമീപത്തെ മറ്റു പല ഗ്രാമങ്ങളും മുങ്ങി. ചെറു ഗ്രാമങ്ങളിൽ ഇനിയും ജനങ്ങൾ കുടുങ്ങിക്കിടപ്പുണ്ടോ എന്നു വ്യക്തമല്ല. ഇതിനകം 12000 വീടുകളിൽ നിന്ന് 54,000 പേരെ ഒഴിപ്പിച്ചെന്നു ദുരിതാശ്വാസ വകുപ്പിലെ ഉദ്യോഗസ്ഥ പറഞ്ഞു.
ഇന്നലെ ഉച്ചയോടെ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ദുരിത ബാധിത മേഖലയിൽ മ്യാൻമർ സൈനിക മേധാവി മിൻ ആങ് ഹെയ്ലിംഗ് സന്ദർശനം നടത്തുന്നതിന്റെ വീഡിയോ പ്രാദേശിക കുമുന്ദ്ര പത്രം പോസ്റ്റ് ചെയ്തു. വീടുകളിലും കടകളിലും കുടുങ്ങിയവരെ മുളച്ചങ്ങാടങ്ങിലും വള്ളങ്ങളിലും പട്ടാളക്കാർ ഒഴിപ്പിച്ചു മാറ്റുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സമീപ രാജ്യമായ ലാവോസിൽ കഴിഞ്ഞ മാസം ഹൈഡ്രോ ഇലക്ട്രിക് ഡാം തകർന്ന് 27 പേർ മരിക്കുകയുണ്ടായി. ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു മാറ്റേണ്ടയും വന്നു.