ഇടുക്കി/തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനിടെ സുരക്ഷയും മുൻകരുതലും ശക്തമാക്കി സർക്കാർ. ഇതിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ അവധിയിൽ പോയ റവന്യൂ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു.
ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ റവന്യൂ ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചത്. ഇതു സംബന്ധിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശഖരൻ അധികൃതർക്ക് നിർദേശം നൽകി.നേരത്തെ, ജലനിരപ്പ് 2395 അടിയിലെത്തിയ ഉടനെ കെഎസ്ഇബി അതിജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചിരുന്നു.
ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ട് നൽകുമെന്നാണ് വിവരം.2399 അടിയായി ജലനിരപ്പ് ഉയരുമ്പോഴാണ് റെഡ് അലർട്ട് നൽകുക. ഇതിനു ശേഷം 15 മിനിറ്റിനു കഴിഞ്ഞായിരിക്കും ഷട്ടറുകൾ തുറക്കുന്നത്. അതിനുമുമ്പേ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയാക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.