മഹാരാഷ്ട്രയിലെ അണക്കെട്ട് തകരുവാൻ കാരണം ഞണ്ടുകളാണെന്ന് പറഞ്ഞ ജലസേചന മന്ത്രി തനാജി സാവന്തിനെതിരെ ഏറെ പ്രതിഷേധമുയർന്നിരുന്നു. ഇതിനു പിന്നാലെ മന്ത്രിയുടെ വസതിയിലെത്തി ഞണ്ടുകളെ എറിഞ്ഞ് എൻസിപി പ്രവർത്തകർ പ്രതിഷേധമറിയിച്ചു.
ഇവിടേക്ക് പ്രതിഷേധപ്രകടനമായി എത്തിയ പ്രവർത്തകർ വലിയ കൊട്ടയിൽ ഞണ്ടുകളെ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് എറിയുകയായിരുന്നു. മുഖം മൂടി ധരിച്ചെത്തിയവരാണ് ഞണ്ടുകളെ എറിഞ്ഞത്.
കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിലെത്തിയ എൻസിപി നേതാവ് ജിതേന്ദ്ര അവ്ഹാദും മറ്റ് പ്രവർത്തകരും, മന്ത്രി പറഞ്ഞ കുറ്റക്കാരായ ഞണ്ടുകളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറെയധികം ഞണ്ടുകളുമായി പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.