തൃശൂർ: മഴ ശക്തമായതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു ഷട്ടർ കൂടി ഉയർത്തി. ചൊവ്വാഴ്ച രാവിലെ 7.20ന് ആണ് ഷട്ടർ തുറന്നത്. നേരത്തെ ഡാമിലെ ഒരു സ്ലൂയിസ് ഗേറ്റിലൂടെ ജലം തുറന്നുവിട്ടിരുന്നു. നിലവിൽ രണ്ട് സ്ലൂയിസ് ഗേറ്റ് വഴിയാണ് ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത്.
ചാലക്കുടി പുഴയിൽ ജലനിരപ്പ് ഒരു മീറ്ററോളം ഉയർന്നിട്ടുണ്ട്. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടെ അറിയിച്ചു. ആരും പുഴയിൽ ഇറങ്ങരുത്. പുഴയിൽ മീൻ പിടിക്കുന്നതിനും വിലക്കുണ്ട്. പുഴയോര വാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.
424 മീറ്റർ ആണ് അണക്കെട്ടിന്റെ സംഭരണശേഷി. ഇപ്പോൾ അണക്കെട്ടിലെ ജലനിരപ്പ് 419 മീറ്റർ ആണ്. നിരൊഴുക്ക് ശക്തമായതിനെ തുടർന്നാണ് ഷട്ടർ ഉയർത്തി ജലംപുറത്തേക്ക് ഒഴുക്കുന്നത്.
ഇടുക്കി കല്ലാർക്കുട്ടി, പാംബ്ല അണക്കെട്ടുകളുടെ കൂടുതൽ ഷട്ടറുകളും ഇന്ന് തുറക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.