ആലുവ: ഇരുഡാമുകളും തുറന്നതോടെ ആലുവ പുഴയുടെ തീരങ്ങൾ ഇന്നലെ മുഴുവനും ആശങ്കയുടെ മുൾമുനയിലായിരുന്നു.
2018ലെ മഹാപ്രളയം കണ്ണീരു കുടിപ്പിച്ചതിന്റെ ദുരന്തത്തിൽനിന്നും കരകയറുന്നതിനുള്ള തന്ത്രപ്പാടിനിടയിലാണ് വീണ്ടുമൊരു വെള്ളപൊക്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളുയർന്നത്.
ആലുവ നഗരവും സമീപ പഞ്ചായത്തുകളായ കീഴ്മാട്, ചെങ്ങമനാട്, ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, കാഞ്ഞൂർ, ചൂർണിക്കര, എടത്തല, കടുങ്ങല്ലൂർ പഞ്ചായത്തുകളിലെ ജനങ്ങൾ ഡാമുകൾ തുറക്കുമെന്നറിഞ്ഞതു മുതൽ വാർത്തകൾക്കു പിന്നാലെയായിരുന്നു.
ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ തുറന്ന് വൈകിട്ട് അഞ്ചോടെ അധിക വെള്ളം ആലുവയിലെത്തുമെന്നായിരുന്നു ആദ്യ ഒദ്യോഗിക അറിയിപ്പുണ്ടായിരുന്നത്. ഇതു പ്രതീക്ഷിച്ച് ജനങ്ങൾ ഇരുകരകളിലും പെരിയാറിനു കുറുകെയുള്ള പാലങ്ങളിലും ആകാംക്ഷയോടെ തടിച്ചു കൂടി.
എന്നാൽ പതിവിലും ശാന്തമായി പെരിയാർ ഒഴുകുകയായിരുന്നു. പിന്നീട് രാത്രി 12 ഓടെ ജലനിരപ്പുയരാനുള്ള സാധ്യതാ മുന്നറിയിപ്പുവന്നു. എന്നാൽ ഇന്നു രാവിലെയും അധിക വെള്ളം ആലുവ ഭാഗത്ത് എത്തിയതിന്റെ ലക്ഷണങ്ങൾ പെരിയാർ കാണിച്ചു തുടങ്ങിയിട്ടില്ല.
ജാഗ്രത നിർദേശത്തെ തുടർന്ന് തീരവാസികളിൽ പലരും സാധന സാമഗ്രികളൊതുക്കി ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സുരക്ഷിതത്വം തേടിയിട്ടുണ്ട്. ഇന്ന് മഴ കനത്താൽ പെരിയാറിന്റെ ഗതി മാറുമെന്നയറിയിപ്പു നിലനിൽക്കുന്നതിനാൽ ആലുവയുടെ തീരങ്ങൾക്ക് ആശങ്കയൊഴിയുന്നില്ല.
പെരിയാറിലെ ജലനിരപ്പുയർന്നാൽ കൈവഴികളിലൂടെ കയറുന്ന വെള്ളം തീരത്തിനപ്പുറത്തേക്കും ദുരിതം വിതക്കുമെന്നതുകൊണ്ട് സമീപ ഗ്രാമങ്ങളും കടുത്ത ജാഗ്രതയിലാണ്.
വെള്ളപ്പൊക്കം നേരിടാനള്ള സർവ സജീകരണങ്ങളുമായി അധികൃതർ ഇന്നലെ തന്നെ ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്. തദേശ സ്ഥാപനങ്ങൾ, പോലീസ്, നേവി, ഫയർഫോഴ്സ്, റവന്യൂ വിഭാഗങ്ങൾ ജാഗരൂകരായി രംഗത്തുണ്ട്.
വൈപ്പിൻ, ചെറായി മേഖലകളിൽനിന്നും നാടിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികൾ കൂറ്റൻ വള്ളങ്ങളുമായി ഇന്നലെ ഉച്ചയോടെ തന്നെ ആലുവയിൽ തമ്പടിച്ചിട്ടുണ്ട്. ആർക്കോണത്തുനിന്നെത്തിയ ദുരന്തനിവാരണ സേനയുടെ നാലാം ബറ്റാലിയനിലെ ഒരു കമ്പനി തോട്ടുംമുഖം വൈഎംസിഎയിൽ ക്യാമ്പുചെയ്യുന്നുണ്ട്.