കോട്ടയം: ഇടുക്കി ഡാം തുറന്നാൽ കോട്ടയം ജില്ലയിൽ വെള്ളം എത്തുമോ എന്ന ആശങ്കയിലാണ് താഴ്ന്ന പ്രദേശത്തു താമസിക്കുന്നവർ. ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് അധികൃതർ നല്കുന്ന വിശദീകരണമെങ്കിലും കുമരകത്തും വൈക്കത്തും ജലനിരപ്പ് നിരീക്ഷിക്കാൻ റവന്യു വകുപ്പ് വില്ലേജ് ഓഫീസർമാർക്ക് നിർദേശം നല്കിയിട്ടുണ്ട്.
ഡാം തുറക്കുന്നതിനു പിന്നാലെ ജലനരപ്പ് ഉയരുകയാണെങ്കിൽ തീരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡാമിലെ വെള്ളം മൂവാറ്റുപുഴയാറ്റിൽ എത്തിയാൽ് വൈക്കത്ത് അൽപം ജലനിരപ്പ് ഉയർന്നേക്കുമെന്നാണ് നിഗമനം.
കുമരകം, വൈക്കം എന്നിവിടങ്ങളിലെ വെള്ളം കായലിലേക്ക് ഒഴുകി പോകാൻ വൈകുന്ന സാഹചര്യത്തിലാണ് ജലനിരപ്പ് ഉയർന്നേക്കാമെന്നു കരുതുന്നത്. എന്നാൽ സാധ്യത മാത്രമാണെന്നും വെള്ളം ഉയരുമെന്ന ആശങ്ക വേണ്ടെന്നും ജില്ലാ അധികൃതർ പറയുന്നു.
അതേ സമയം മഴ തുടരുന്നത് താഴ്ന്ന പ്രദേശത്ത് വീണ്ടും വെള്ളം കയറാനിടാക്കിയിട്ടുണ്ട്. പാലാ, ഈരാറ്റുപേട്ട, തീക്കോയി എന്നിവിടങ്ങളിലും ശക്തമായ മഴയാണ് പെയ്യുന്നത്. ഇത് കോട്ടയം, കുമരകം, ആർപ്പൂക്കര, ആയ്മനം എന്നീ സ്ഥലങ്ങളിലുള്ളവരെ ആശങ്കയിലാഴ്ത്തുന്നു.
ഡാം തുറന്നു വരുന്ന വെള്ളം വേന്പനാട്ട് കായലിലൂടെ വരികയും മീനച്ചിലാറ്റിൽ ശക്തമായ ഒഴുക്കുണ്ടാവുകയും ചെയ്താൽ കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാവും. ഇതെല്ലാം പരിഗണിച്ച് ജലനിരപ്പ് സദാ സമയവും നിരീക്ഷിക്കാനാണ് വില്ലേജ് ഓഫീസർമാർക്ക് ലഭിച്ച നിർദേശം.