കാക്കനാട്: ഇടുക്കി, ഇടമലയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാർത്തകളിൽ വഞ്ചിതരാകരുതെന്നും കളക്ട്രേറ്റിൽ ചേർന്ന ഉന്നതതലയോഗം.
സമൂഹമാധ്യമങ്ങളിലൂടെ ആശങ്കാജനകമായ വാർത്തകൾ പ്രചരിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്നവർക്കെതിരേ ഐടി നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ പങ്കെടുത്ത എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിലെ നിലവിലുള്ള സ്ഥിതിയും ഷട്ടറുകൾ തുറന്നാലുള്ള തയാറെടുപ്പുകളും വിശദീകരിക്കുന്നതിനാണ് ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ളയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.
അണക്കെട്ടുകളിൽനിന്നു ജലം തുറന്നുവിടേണ്ട സാഹചര്യമുണ്ടായാൽ ഇതു സംബന്ധിച്ച മുന്നറിയിപ്പുകൾ വളരെ നേരത്തെ തന്നെ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ (www.facebook/dcekm) പ്രസിദ്ധീകരിക്കും. റേഡിയോ നിലയങ്ങളും പത്ര, ദൃശ്യമാധ്യമങ്ങളും മുഖേന സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകളുണ്ടാകും. പെരിയാർ തീരത്തെ ജനങ്ങളിലേക്ക് ഉച്ചഭാഷിണികളിലൂടെയും വിവരമെത്തിക്കുമെന്നും കളക്ടർ പറഞ്ഞു.
ജില്ലയിൽ മുൻകരുതൽ പട്ടികയിൽ 51 തദ്ദേശഭരണ സ്ഥാപനങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും തയാറെടുപ്പുകളും യോഗം ചർച്ചചെയ്തു. മാറ്റിപ്പാർപ്പിക്കാൻ സാധ്യതയുള്ള കുടുംബങ്ങളുടെ പട്ടിക വില്ലേജ് അടിസ്ഥാനത്തിൽ തഹസിൽദാർമാർ യോഗത്തിൽ അവതരിപ്പിച്ചു.
ക്യാന്പുകൾ പ്രവർത്തിപ്പിക്കേണ്ട സ്കൂളുകൾ, മറ്റു സ്ഥാപനങ്ങൾ, ആളുകളെ എത്തിക്കാനുള്ള ബസ്, വഞ്ചി തുടങ്ങിയവയെല്ലാം തയാറായതായി യോഗം വിലയിരുത്തി. താഴ്ന്ന പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറെ യോഗം ചുമതലപ്പെടുത്തി.
എംഎൽഎമാരായ ആന്റണി ജോണ്, കെ.ജെ. മാക്സി, എൽദോസ് കുന്നപ്പിള്ളി, ഹൈബി ഈഡൻ, പി.ടി. തോമസ്, അൻവർ സാദത്ത്, വി.കെ. ഇബ്രാഹിംകുഞ്ഞ്, വി.പി. സജീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ, ഫോർട്ടുകൊച്ചി ആർഡിഒ എസ്. ഷാജഹാൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.ഡി. ഷീലാദേവി, വെള്ളപ്പൊക്കം നേരിട്ട് ബാധിക്കാവുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.