ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു കലണ്ടറാണ്. ഈ വര്‍ഷം ഓഗസ്റ്റില്‍ കേരളത്തിലെ ഡാമുകള്‍ തുറക്കുമെന്ന് പ്രവചിക്കുന്ന തരത്തിലുള്ള കലണ്ടര്‍ ഡിസൈനാണ് ചര്‍ച്ചയാകുന്നത്. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ കലണ്ടറിലാണ് ഓഗസ്റ്റ് മാസം ഷട്ടറുകള്‍ തുറന്ന ഡാമിന്റെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇപ്പോള്‍ ഫേസ്ബുക്ക്, വാട്ട്‌സആപ്പ് ഉള്‍പ്പടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ ഈ കലണ്ടര്‍ വൈറലായി കഴിഞ്ഞു. ബാങ്കിന്റെ പരസ്യ മാര്‍ക്കറ്റിങ് വിഭാഗമാണ് കലണ്ടറിലെ ചിത്രങ്ങളുടെ ആശയം മുന്നോട്ടുവെച്ചത്. ഇതനുസരിച്ച് കോഴിക്കോട് പൊലീസ് ക്ലബിന് സമീപത്തെ പ്രിസം ഡിസൈന്‍ ഹൌസിലെ അനസ് അലിയാണ് കലണ്ടര്‍ രൂപകല്‍പന ചെയ്തത്. കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇരുപതിലേറെ ഡാമുകളാണ് കഴിഞ്ഞ ദിവസം തുറന്നുവിട്ടത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഇത്രയും ഡാമുകള്‍ ഓഗസ്റ്റ് മാസം ഒരുമിച്ച് തുറക്കേണ്ടിവരുന്നത്. കേരളത്തില്‍ പൊതുവെ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കനത്ത മഴ പെയ്യുന്നത്. മഴ കുറവുള്ള ഓഗസ്റ്റില്‍ ഡാം തുറക്കുമെന്ന തരത്തില്‍ കലണ്ടര്‍ രൂപകല്‍പന ചെയ്തതാണ് ഏവരെയും അതിശയപ്പെടുത്തുന്നത്.