നീരൊഴുക്ക് ശക്തമായി! ഇടുക്കി ഡാമിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു; പുറത്തേക്ക് വിടുന്നത് നാലുലക്ഷം ലിറ്റര്‍ വെള്ളം;ഇതിനു മുമ്പ് അഞ്ച് ഷട്ടറും തുറന്നത് 1981 ല്‍

ഇടുക്കി: നീരൊഴുക്ക് ശക്തമായതിനാൽ ഇടുക്കി അണക്കെട്ടിലെ അഞ്ചാമത്തെ ഷട്ടറും തുറന്നു. മുന്നറിയിപ്പൊന്നും കൂടാതെ അധികൃതർ അടിയന്തരമായി ഷട്ടർ ഉയർത്തുകയായിരുന്നു. 

മൂന്ന് ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തിയിട്ടും ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നാലാമത്തെ ഷട്ടർ കൂടി ഉയർത്തിയത്. ഡാമിൽ നിന്നും ഒഴുക്കി വിടുന്നതിന്‍റെ ഇരട്ടിയേക്കാൾ വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തിലാണ് നാലാമത്തെ ഷട്ടർ ഉയർത്തിയത്.

നാലാമത്തെ ഷട്ടർ കൂടി ഉയർത്തിയതോടെ ചെറുതോണി പുഴയിലെ നീരൊഴുക്ക് ശക്തമായി. ചെറുതോണി പട്ടണത്തിലെ ബസ് സ്റ്റാൻഡ് കുത്തൊഴുക്കിൽ പൂർണമായും ഒലിച്ചുപോയി. പുഴയുടെ സമീപത്തുണ്ടായിരുന്ന ചെറു മണ്‍കൂനകളും കെട്ടിടങ്ങളും എല്ലാം അപ്രത്യക്ഷമായി. ചെറുതോണിയിലെ പാലത്തിൽ വെള്ളം കയറിയിട്ടുണ്ട്.

ശക്തമായ ഒഴുക്കിൽ തീരത്തുണ്ടായിരുന്ന വൻ മരങ്ങളും കടപുഴകി വീണു. ഒടിഞ്ഞുവീണ വൻ മരങ്ങൾ ചെറുതോണി പാലത്തിൽ തങ്ങി നിൽക്കുന്നത് വെള്ളം ഒഴുകിപോകുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

കനത്ത സുരക്ഷയാണ് ദുരന്തനിവാരണ സേനയും പോലീസും ഫയർഫോഴ്സും ചേർന്ന് ചെറുതോണിയിൽ ഒരുക്കിയിരിക്കുന്നത്. ആളുകളെ പുഴയുടെ വശങ്ങളിൽ നിന്നും പൂർണമായി ഒഴിപ്പിച്ചിട്ടുണ്ട്. എല്ലാവരും കനത്ത ജാഗ്രത പുലർത്തണമെന്ന് പോലീസ് ഉച്ചഭാഷണിയിലൂടെ അറിയിക്കുന്നുണ്ട്.

ഇതിനു മുമ്പ് അഞ്ച് ഷട്ടറും തുറന്നത് 1981 ലാണ്. 1981 ല്‍ ആകെ 15 ദിവസമാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്

 

Related posts