തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു. നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത നിർദേശം പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 20 സെമിഎന്നതിൽ നിന്ന് 40 സെമി കൂടി വർധിപ്പിച്ച് 60 സെമി ആയി ഇന്ന് രാവിലെ 10.30 ന് ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 100 സെമി എന്നതിൽ നിന്ന് 150 സെമി ആയി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉയർത്തും. സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. 12 ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, മാട്ടുപ്പെട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പത്തനംതിട്ടയിലെ മൂഴിയാര്‍, തൃശൂരിലെ പെരിങ്ങല്‍ക്കുത്ത്, വാഴാനി, പീച്ചി, പാലക്കാട് ജില്ലയിലെ മീങ്കര, മംഗലം, കോഴിക്കോട് കുറ്റ്യാടി, വയനാട് ബാണാസുരസാഗര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി പൊന്മുടി ഡാമില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ചിലയിടങ്ങളില്‍ മുന്‍കരുതലിന്റെ ഭാഗമായി നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടുന്നുണ്ട്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് 54.83 ശതമാനമായി ഉയര്‍ന്നു. ഇടമലയാറിലെ ജലനിരപ്പ് 155 മീറ്ററിലെത്തി. ആകെ സംഭരണ ശേഷിയുടെ 62.75 ശതമാനം വെള്ളമാണ് ഡാമിലുള്ളത്. വയനാട് ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 83.26 ശതമാനവുമായി വർധിച്ചു.
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഉൽപാദനം ക്രമീകരിച്ചു. മൂവാറ്റുപുഴയിൽ കനത്തമഴ തുടരുന്ന സാഹചര്യംകൂടി പരിഗണിച്ചാണ് മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി പദ്ധതിയിലെ ഉൽപാദനത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ചവരെ 200 മെഗാവാട്ട് കുറവ് വരുത്തിയത്.
കെഎസ്ഇബിയ്ക്ക് കീഴിലുള്ള ഡാമുകളിൽ നീരൊഴുക്ക് കൂടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജലസേചന വകുപ്പിന് കീഴി ലുള്ള ഡാമുകളിലും സംഭരണശേഷിയുടെ പരമാവധിയിലേക്ക് വെള്ളമെത്തുന്ന നിലയാണ്. ഒൻപത് ഡാമുകളിൽ സംഭരണശേഷിയുടെ 70 ശതമാനത്തിന് മുകളിലേക്ക് ജലനിരപ്പുയർന്നു.
നെയ്യാർ, മലങ്കര, വാഴാനി, പീച്ചി, ശിരുവാണി, കാഞ്ഞിരപ്പുഴ, മീങ്കര, പോത്തുണ്ടി, മംഗലം തുടങ്ങിയ ഡാമുകളിൽ ആണ് സംഭരണശേഷിയുടെ 70 ശതമാനത്തിന് മുകളിലേക്ക് ജലനിരപ്പുയർന്നത്.