മുംബൈ: ഒറ്റദിവസം ആർ.കെ. ദമാനിയുടെ സമ്പത്തു വർധിച്ചത് 20,000 കോടിയിൽപരം രൂപ. അതിസന്പന്നരായ ഇന്ത്യക്കാരിൽ 17-ാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഡി മാർട്ട് എന്ന റീട്ടെയിൽ ശൃംഖല നടത്തുന്ന അവന്യു സൂപ്പർ മാർക്കറ്റ്സിന്റെ ഓഹരികൾ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതോടെയാണിത്. അവന്യുവിന്റെ 82 ശതമാനം ഓഹരികൾ രാധാകൃഷ്ണ ദമാനിയുടേതാണ്.
ചൊവ്വാഴ്ച ലിസ്റ്റ് ചെയ്ത അവന്യു ഓഹരിയുടെ വില 641 രൂപയിലെത്തി. അപ്പോൾ കന്പനിയുടെ മൊത്തം വില 40,000 കോടി രൂപയ്ക്കടുത്ത്. അതിൽ ദമാനിയുടെ ഓഹരികൾക്കു മൂല്യം 33,125 കോടി രൂപ.
തിങ്കളാഴ്ച ഫോബ്സ് മാസിക ദമാനിയുടെ സന്പത്ത് 230 കോടി ഡോളറാണെന്നു കണക്കാക്കി പട്ടിക പുറത്തിറക്കിയതാണ്. പിറ്റേന്നു വൈകുന്നേരം ദമാനി 540 കോടി ഡോളർ (35,775 കോടി രൂപ) സന്പത്തിനുടമയായി.
ഓഹരി ബ്രോക്കറായിരുന്ന ദമാനിക്ക് വിഎസ്ടി ഇൻഡസ്ട്രീസ്, ബ്ലൂഡാർട്ട്, സുന്ദരഫാസനേഴ്സ്, ടിവി 18 3 എം ഇന്ത്യ തുടങ്ങിയ കന്പനികളിൽ ഗണ്യമായ നിക്ഷേപമുണ്ട്. 61 വയസുള്ള ദമാനി ഇപ്പോൾ അനിൽ അംബാനി, രാഹുൽ ബജാജ്, വേദാന്ത ഗ്രൂപ്പിന്റെ അനിൽ അഗർവാൾ തുടങ്ങിയവരേക്കാളൊക്കെ സന്പന്നനാണ്.