തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഉച്ചമുതൽ ആരംഭിച്ച മഴ തോരാതെ പെയ്യുന്നു. അഞ്ചിലേറെ ജില്ലകളിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. മഴ കനത്തതോടെ അണക്കെട്ടുകളും നിറഞ്ഞു തുടങ്ങി. പല അണക്കെട്ടുകളും പരമാവധി സംഭരണശേഷിയോട് അടുത്തു.
നെയ്യാർ അണക്കെട്ടിൽ ജലനിരപ്പ് വീണ്ടും ഉയരുന്നതിനാൽ ഷട്ടറുകൾ 10 അടിയിൽ നിന്നും 12 അടി ആയി ഉയർത്തി. അരുവിക്കര അണക്കെട്ടിന്റെ 2,4,5 എന്നി ഷട്ടറുകൾ 1.5 മീറ്റർ വീതവും ഒന്നാം നമ്പർ ഷട്ടർ 50 സെന്റീമീറ്റും ഉയർത്തിയിട്ടുണ്ട്.
പേപ്പാറ അണക്കെട്ടിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും ഒരു ഷട്ടർ കൂടി ഉയർത്തേണ്ടി വരുമെന്നുമാണ് വിവരം. നിലവിൽ രണ്ടു ഷട്ടറുകൾ തുറന്നിട്ടുണ്ട്. 50 സെന്റീമീറ്റർ വീതമാണ് ഈ ഷട്ടറുകൾ തുറന്നിരിക്കുന്നത്. ഇനി തുറക്കുന്ന ഷട്ടറും 50 സെന്റീമീര്രർ തന്നെയാകും ഉയർത്തുകയെന്നാണ് വിവരം.
പമ്പ അണക്കെട്ടിലെ ജലനിരപ്പും അനുനിമിഷം ഉയരുകയാണ്. പുലർച്ചെ അഞ്ചിന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 985.80 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഒന്നും ആറും ഷട്ടറുകൾ 60 സെന്റീമീറ്റർ വീതവും രണ്ട്, മൂന്ന്, നാല്, അഞ്ച് ഷട്ടറുകൾ 105 സെന്റീമീറ്റർ വീതവുമാണ് ഇവിടെ ഉയർത്തിയിരിക്കുന്നത്.
തെന്മല അണക്കെട്ടിലെയും സ്ഥിതി മറിച്ചല്ല. ഇവിടെ ഷട്ടറുകൾ രാവിലെ ഏഴോടെ 90 സെന്റീമീറ്ററിൽ നിന്ന് 120 സെന്റീമീറ്ററാക്കി ഉയർത്തുമെന്നാണ് വിവരം.
നെടുന്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു
കൊച്ചി: കനത്ത മഴയെത്തുടർന്ന് റൺവേയിലും പാർക്കിംഗ് ബേയിലും വെള്ളം കയറിയതിനെ തുടർന്നു നെടുന്പാശേരി വിമാനത്താവളം അടച്ചു. ശനിയാഴ്ച വരെയാണ് വിമാനത്താവളം അടച്ചത്. പെരിയാറിൽ വെള്ളമുയർന്നപ്പോൾ കൈവഴിയായ ചെങ്കൽതോട്ടിൽനിന്നും വെള്ളം വിമാനത്താവളത്തിലേക്ക് കയറിയിരുന്നു.
വെള്ളം കയറിയതിനെ തുടർന്ന് ഇന്ന് രാവിലെ വിമാനങ്ങൾ വഴിതിരിച്ചു വിട്ടിരുന്നു. ദോഹയിൽ നിന്നുള്ള ജെറ്റ് എയർവേസ് വിമാനവും ദുബായിൽ നിന്നുള്ള ഇൻഡിഗോ വിമാനവും ബംഗളൂരുവിലേക്ക് ഗതിമാറ്റിവിട്ടു. അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം കോയമ്പത്തൂരിലേക്ക് വഴിതിരിച്ചുവിട്ടു.
വിമാനങ്ങളുടെ സർവീസ് നിർത്തിവച്ച സാഹചര്യത്തിൽ നെടുമ്പാശേരിയിൽ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കുന്നതിന് വേണ്ടിയാണ് കണ്ട്രോൾ റൂം തുറന്നത്. നമ്പർ- 0484 3053500, 0484 2610094.