തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഞായറാഴ്ച രാവിലെ 2393.78 അടി രേഖപ്പെടുത്തി. ശനിയാഴ്ച രാത്രിയിൽ പദ്ധതി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തത്. മഴ തുടരുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്താൽ ഒരാഴ്ചയ്ക്കകം ഡാം തുറക്കാൻ സാധ്യതയുണ്ട്.
ശനിയാഴ്ച വൈകുന്നേരം വരെ 2,393.32 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 2,400 അടിവരെ ഉയരാൻ കാക്കാതെ 2,397 അടിയിലെത്തുന്പോൾ നിയന്ത്രിത അളവിൽ ചെറുതോണി ഡാമിന്റെ ഷട്ടർ തുറക്കാനുള്ള സാധ്യതകളാണ് സർക്കാർ പരിഗണിക്കുന്നത്.
ഡാം തുറക്കേണ്ടി വന്നാൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാൻ നടപടികൾ തുടങ്ങിയെന്നും വൈദ്യുതി മന്ത്രി എം.എം. മണി ശനിയാഴ്ച അറിയിച്ചിരുന്നു.