മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരേ പീഡന പരാതിയുമായി ഗായിക. ബോളിവുഡില്‍ അവസരങ്ങള്‍ ഒരുക്കിക്കൊടുക്കാമെന്ന് പറഞ്ഞ് മന്ത്രി പലതവണ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ആരോപിച്ച് ഗായിക ഓഷിവാര പോലീസില്‍ പരാതി നല്കി. സോഷ്യല്‍മീഡിയയിലും ഗായിക ആരോപണം ആവര്‍ത്തിച്ചു.
മധ്യപ്രദേശില്‍ നിന്നുള്ള ഗായികയായ യുവതി പരാതിയുടെ പകര്‍പ്പ് സഹിതമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പോലീസ് ആദ്യം പരാതി സ്വീകരിക്കുവാന്‍ കൂട്ടാക്കിയില്ലെന്നും അവര്‍ ആരോപിച്ചു.
തന്റെ ജീവന് അപകടത്തിലാണെന്നും 14 വര്‍ഷക്കാലം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. സഹോദരീ ഭര്‍ത്താവ് എന്നാണ് പരാതിയില്‍ മന്ത്രിയെ യുവതി വിശേഷിപ്പിക്കുന്നത്. എന്നാല്‍ തനിക്കെതിരേ ഉന്നയിച്ചിട്ടുള്ള ആരോപണം നിഷേധിച്ച് ധനഞ്ജയ് മുണ്ടെ രംഗത്തെത്തി.
ആരോപണം ഉന്നയിച്ച യുവതിയുടെ മൂത്തസഹോദരിയുമായി തനിക്ക് 2003 മുതല്‍ ബന്ധമുണ്ടെന്നും ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും ഈ ബന്ധത്തിലുള്ള കാര്യം തന്റെ ഭാര്യയ്ക്കും വീട്ടുകാര്‍ക്കും അറിയാമെന്നും അവര്‍ ഈ ബന്ധം അംഗീകരിച്ചിട്ടുള്ളതാണെന്നും
മന്ത്രി ഫേസ്ബുക്ക് മുഖേന നല്കിയ വിശദീകരണത്തില്‍ പറയുന്നു. സ്കൂളില്‍ കുട്ടികളെ ചേര്‍ത്തപ്പോള്‍ പിതാവിന്റെ പേര് തന്റേതാണ് നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറയുന്നു.
സഹോദരി എന്ന നിലയില്‍ യുവതിയെ താന്‍ സഹായിച്ചിട്ടുണ്ട്. അവരുടെ സഹോദരന് ബിസിനസ് നടത്താനും സഹായം നല്‍കിയിരുന്നു. എന്നാല്‍
2019 മുതല്‍ ഇരുസഹോദരിമാരും പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുകയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസില്‍ കേസ് നല്‍കിയിട്ടുണ്ടെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു.