പെരിന്തൽമണ്ണ: സെവൻസ് ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ച ധനരാജനു കണ്ണീരോടെ വിട. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് ധനരാജനു കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ നഗരത്തിലെ മൗലാന ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എഫ്സി പെരിന്തൽമണ്ണയ്ക്കു വേണ്ടിയായിരുന്നു ധനരാജൻ കളത്തിലിറങ്ങിയത്. എതിർടീം ശാസ്ത എഫ്സി തൃശൂരും തമ്മിൽ ഇന്നലെയായിരുന്നു മത്സരം. സ്റ്റോപ്പർ ബാക്കായിരുന്നു ധനരാജൻ.
ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയിരിക്കേ ധനരാജനു നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇക്കാര്യം ധനരാജൻ റഫറിയോടു പറഞ്ഞു. ഉടൻ കുഴഞ്ഞുവീഴുകയും ചെയ്തു. തുടർന്നു സ്റ്റേഡിയത്തിലുണ്ടായിരുന്നു മെഡിക്കൽ സംഘമെത്തി അദ്ദേഹത്തെ പരിശോധിച്ചു ഉടൻ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അരമണിക്കൂറിനകം മരണം സംഭവിച്ചു. മത്സരത്തിൽ ധനരാജിന്റെ ടീമായ എഫ്സി പെരിന്തൽമണ്ണ ഷൂട്ടൗട്ടിൽ ശാസ്ത്ര തൃശൂരിനെ തോൽപ്പിച്ചു. മരണവിവരമറിഞ്ഞു നിരവധി പേരാണ് രാത്രിയിൽ ആശുപത്രിയിലെത്തിയിരുന്നത്.
പാലക്കാട് തൊട്ടെക്കാട് തെക്കോണിയിലെ സാധാരണ കുടുംബാംഗമാണ് ധനരാജൻ രാധാകൃഷ്ണൻ. സന്തോഷ് ട്രോഫിതാരമായിരുന്ന ധനരാജൻ ഇന്ത്യയിലെ മികച്ച ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ഐലീഗിലും കളിച്ചു. 2004 വിവ കേരളയിലെത്തി. പിന്നീട് കൊൽക്കത്തയിലേക്ക്. മൂന്നുവർഷം ചിരാഗ് യുണൈറ്റഡിന്റെ കളിക്കാരനായി. പിന്നീട് രണ്ടുവർഷം മോഹൻ ബഗാനിൽ കളിച്ചു.
2012ൽ മുഹമ്മദൻസിലെത്തി. തൊട്ടടുത്ത വർഷം ക്ലബിന്റെ ഡ്യൂറണ്ട് കപ്പ്് വിജയത്തിലും ധനരാജൻ പങ്കാളിയായി. പ്രഫഷണൽ ഫുട്ബോളിനു ശേഷം സെവൻസിലേക്കു ശ്രദ്ധ തിരിക്കുകയായിരുന്നു. ധനരാജന്റെ വിയോഗത്തെത്തുടർന്നു ഇന്നും നാളെയും കളിയുണ്ടായിക്കില്ലെന്നു സംഘാടകർ അറിയിച്ചു.