നോട്ടു നിരോധനം സംഭാവനപ്പെട്ടികള്‍ നിറച്ചു; ആയിരങ്ങളും അഞ്ഞൂറുകളും കൊണ്ട് നിറയുന്ന സംഭാവനപ്പെട്ടികള്‍ മുംബെയില്‍ ഇപ്പോള്‍ പതിവു കാഴ്ച

NOTE650അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കാണാന്‍ പോലും സാധിച്ചിട്ടില്ലാത്ത പല സംഭാവനപ്പെട്ടികളും ഇപ്പോള്‍ നിറഞ്ഞു കവിയുകയാണ്. അതും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കൊണ്ട്.  മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ നോട്ടെണ്ണി മടുത്തു എന്നാണ് കേള്‍ക്കുന്നത്. 14 പെട്ടികളാണ് ആശുപത്രിയില്‍ പലയിടങ്ങളിലായി സ്ഥാപിച്ചിരുന്നത്. ഒരാഴ്ച കൊണ്ട് 1.5 ലക്ഷം രൂപയാണ് പെട്ടികളില്‍ നിറഞ്ഞത്. സാധാരണ ഏറ്റവും കൂടിയ് കളക്ഷന്‍ 40,000 രൂപ വരെയൊക്കെയായിരുന്നു.

സംഭാവനപ്പെട്ടികള്‍ സ്ഥാപിച്ചിരിക്കുന്ന മിക്ക സ്ഥാപനങ്ങളിലും ഇതാണവസ്ഥ. ആഴ്ചകളും മാസങ്ങളും കൊണ്ട് നിറഞ്ഞിരുന്ന പെട്ടികള്‍ ഇപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിറയുകയാണ്. എല്ലാത്തിലും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് കൂടുതല്‍ എന്നതാണ് രസകരമായ കാര്യം. നവംബര്‍ എട്ടാം തിയതി നോട്ട് റദ്ദാക്കല്‍ പ്രഖ്യാപനം ഉണ്ടായതുമുതല്‍ റദ്ദാക്കിയ നോട്ടുകള്‍ സംഭാവനയായി സ്വീകരിക്കുമോ എന്ന് ചോദിച്ചുകൊണ്ട് ആളുകള്‍ വിളിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. ഇത്തരക്കാരില്‍ നിന്ന് പണം സ്വീകരിച്ച് രോഗികളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. റദ്ദാക്കപ്പെട്ട നോട്ടുകള്‍ രോഗികളുടെ കൈയ്യില്‍ നിന്നും തങ്ങള്‍ വാങ്ങാറുണ്ടെന്നും ഇവര്‍ പറയുന്നു. ഏതായാലും പത്തുരൂപ പോലും തികച്ച് സംഭാവന നല്‍കാന്‍ മടിച്ചിരുന്നവര്‍ ഇപ്പോള്‍ ഒരു മടിയുമില്ലാതെയാണ് സംഭാവനകള്‍ ഇടുന്നത്. അങ്ങനെ നേരം ഒന്നിരുട്ടി വെളുത്തപ്പോഴേയ്ക്കും എല്ലാവരും ഉദാരമനസ്കരും പരോപകാരികളുമായി മാറി.

Related posts