ലക്നോ: ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ വീണ്ടും രക്തം ഉറയ്ക്കുന്ന കൊടുംക്രൂരതയുടെ വാർത്ത. വിവാഹ ആഘോഷത്തിന്റെ ഭാഗമായുള്ള നൃത്തം നിർത്തിയതിനെ തുടർന്ന് യുവതിക്കു നേരെ വെടിയുതിർത്തു. മുഖത്ത് വെടിയേറ്റ യുവതിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ചിത്രകൂടിൽ ഗ്രാമമുഖ്യൻ സുധീർ സിംഗ് പട്ടേലിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ആളാണ് വെടിവച്ചത്. നൃത്തം അവസാനിപ്പിച്ചാൽ വെടിവയ്ക്കുമെന്ന് ഇയാൾ പറയുന്നു. മറ്റൊരാൾ വെടിവയ്ക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
പെട്ടെന്ന് യുവതി വെടിയേറ്റ് നിലത്തുവീണു. സംഭവ സമയം വേദിയിലുണ്ടായിരുന്ന വധുവിന്റെ അമ്മാവൻമാരായ മിതിലേഷിനും അഖിലേഷിനും വെടിവയ്പിൽ പരിക്കേറ്റു. ആൾക്കൂട്ടം ഉടൻ തന്നെ അക്രമിയെ പിടികൂടി. എന്നാൽ മറ്റൊരാൾ രംഗത്തെത്തി ആൾക്കൂട്ടത്തിൽനിന്ന് ഇയാളെ രക്ഷപെടുത്തി ജീപ്പിൽ കയറ്റിവിട്ടു.