അഞ്ചല്‍ : ഡാന്‍സ് ക്ലാസിന്റെ മറവില്‍ 12 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയക്കിയ ഡാന്‍സ് അധ്യാപകന് അറസ്റ്റില്‍. കടയ്ക്കല്‍ കുമിളിലാണ് 12 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയക്കിയ ഡാന്‍സ് അധ്യാപകന് പിടിയിലായത്.
കുമിള്‍ സ്വദേശി സുനില്‍ കുമാറാണ് പിടിയിലായത്. സുനില്‍കുമാറിന്റെ സ്ഥാപനത്തില്‍ ഡാന്‍സ് പഠിക്കാന്‍ എത്തിയ കുട്ടിയുടെ സ്വഭാവരീതിയില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിംഗിൽ ആണ് പീഡന വിവരം പുറത്ത് അറിയുന്നത്.
തുടര്‍ന്ന് ബന്ധുക്കള്‍ കടയ്ക്കല്‍ പോലീസില്‍ പരാതി നല്കി.കുട്ടിയുടെ വൈദ്യ പരിശോധന നടത്തിയ പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്കൂൾ യുവജനോത്സവങ്ങളിൽ ഉള്‍പ്പടെ കുട്ടികള്‍ക്ക് ഡാന്‍സ് പരിശീലിപ്പിക്കുന്ന സുനില്‍ കുമാര്‍ 2019 ലും സമാനമായ കേസില്‍ അറസ്റ്റിലായിരുന്നു.
രണ്ടുമാസം ജയില്‍ ശിക്ഷകഴിഞ്ഞ ഇയാള്‍ ജാമ്യത്തിലിറങ്ങി വീണ്ടും ഡാന്‍സ് സ്കൂള്‍ ആരംഭിക്കുകയായിരുന്നു. ഇയാള്‍ പോക്സോ കേസില്‍ പ്രതിയാണ് എന്ന് അറിയാതെയാണ് കുട്ടികളെ ഡാന്‍സ് പരിശീലിപ്പിക്കാന്‍ അയച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു.
പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതല്‍ കുട്ടികളെ ചൂഷണത്തിനിരയാക്കിയിട്ടുണ്ടോ എന്ന് അറിയുന്നതിനായി പ്രതി ഡാന്‍സ് പരിശീലിപ്പിക്കുന്ന സ്ഥാനപത്തില്‍ എത്തിയിരുന്ന കൂടുതല്‍ കുട്ടികളില്‍ നിന്നും വിവരങ്ങള്‍ തേടാനാണ് പോലീസ് നീക്കം.