ചവറ: വിഷം ഉള്ളിൽ ചെന്ന് ചികിൽസയിലായിരുന്ന നൃത്ത അധ്യാപികയുടെ മരണവിവിരം വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ഞെട്ടലോടെയാണ് അറിഞ്ഞത്. ചവറ ചെറുശേരി ഭാഗം മഞ്ജീരത്തിൽ നൃത്ത അധ്യാപകൻ കൂടിയായ ദീപ്തി കുമാറിന്റെ ഭാര്യ മഞ്ജു (42) ആണ് ശനിയാഴ്ച്ച പുലർച്ചെ മരിച്ചത്.
കഴിഞ്ഞ 15 ന് അവശനിലയിൽ കണ്ട മഞ്ജുവിനെ മക്കൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ചികിൽസയിലിരിക്കെ ഇന്നലെ പുലർച്ചെ മരണമടയുകയായിരുന്നു.
എന്നാൽ മഞ്ജു വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിലായ വിവരം പലരും അറിഞ്ഞിരുന്നില്ല. മരണ വിവരം അറിഞ്ഞതോടെയാണ് ദുരൂഹത ഉണ്ടെന്ന വിവരം പുറം ലോകം അറിയുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ഇവർ പഠിപ്പിക്കുന്ന വിദ്യാർഥികളുടെ അരങ്ങേറ്റം നടക്കാൻ ഇരിക്കെയാണ് ഇത്തരത്തിലുള്ള മരണവും. പക്ഷെ ആശുപത്രി അധികൃതരും വിഷം ഉള്ളിൽ ചെന്ന യുവതി ചികിത്സ തേടിയ വിവരം പോലീസിനെ അറിയിച്ചില്ലായെന്നും പറയപ്പെടുന്നു.
മരണം കൊലപാതകം ആണെന്ന് ആരോപിച്ച് മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചവറ പോലീസ് ദുരുഹ മരണത്തിന് കേസെടുത്തു. മഞ്ജുവിന്റെ ഭർത്താവ് ദീപ്തി കുമാറിനെ ചോദ്യം ചെയ്യാനായി ചവറ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചവറ പോലീസിന്റേയും കൊല്ലത്ത് നിന്നുമെത്തിയ സയന്റിഫിക്ക് ഓഫീസർ ഷഫീക്ക, വിരലടയാള വിദഗ്ധൻ എസ്.സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുമുള്ള സംഘം വീട്ടിൽ പരിശോധന നടത്തി.
പരിശോധനയിൽ വീട്ടിൽ നിന്നും ഉപയോഗിച്ചതിന്റെ ബാക്കി വിഷമടങ്ങിയ കുപ്പി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മരിച്ച മഞ്ജുവും ഭർത്താവും കുറെ നാൾ അകന്ന് കഴിഞ്ഞിരുന്നുവെന്നും പിന്നീട് ഇവർ ഒരുമിച്ച് കഴിഞ്ഞുവരികയായിരുന്നുവെന്നും അടുത്ത ബന്ധുക്കൾ പറയുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമെ മരണക്കാരണം വ്യക്തമാകുവെന്ന് ചവറ പോലീസ് പറഞ്ഞു.