തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ചെലവ് ചുരുക്കി എങ്ങനെ കലോത്സവം സംഘടിപ്പിക്കാമെന്ന നിര്‍ദേശം നല്‍കുകയാണ് കേരള ഡാന്‍സ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് (എകെഡിടിഒ).
1996 ല്‍ സ്ഥാപിതമായ നൃത്ത അധ്യാപകരുടെ സംഘടനയാണ് ഓള് കേരള ഡാന്‍സ് ടീച്ചേഴ്സ് ഓര്ഗനൈസേഷന്.
പ്രളയത്തിന്റെ പേരില്‍ കലോത്സവം ഒഴിവാക്കരുതെന്ന അഭ്യര്ഥനയാണ് ഇൗ അധ്യാപകര്‍ക്ക്. പ്രളയബാധിതരില്തന്നെ കലാരംഗത്തു പ്രവര്‍ത്തിക്കുന്നവരുണ്ട്. കലോത്സവം കൊണ്ടു ജീവിതം തള്ളിനീക്കുന്നവരും കുറവല്ല. കലോത്സവം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ എകെഡിടിഒ വിദ്യാഭ്യാസ വകുപ്പിനു മുമ്പില്‍ കലോത്സവം സുതാര്യമായും ചെലവു കുറച്ചും എങ്ങനെ നടത്താമെന്ന ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയുണ്ടായി.
വകുപ്പ് ഇതു പരിഗണനയില്‍ വച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.പ്രളയംമൂലം വിദ്യാര്‍ഥികള്‍ക്കു പ്രവൃത്തി ദിനങ്ങള്‍ നഷ്ടമായ സാഹചര്യത്തില്‍ സബ് ജില്ലാ തലത്തില്‍ ഒരു സ്കൂള്‍ മാത്രം കേന്ദ്രീകരിച്ച് മത്സരങ്ങള്‍ നടത്തുന്നതിനു പകരം വിവിധ സ്കൂളുകളിലായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയും പരിപാടികള്‍ നടക്കുന്ന സ്കൂളുകള്‍ക്കുമാത്രം അവധി നല്‍കുകയും ചെയ്താല്‍ കലോത്സവ ദിവസങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കാം.
പ്രഗത്ഭരായ അധ്യാപകരെ പ്രതിഫലമില്ലാതെ നല്കുവാനും സംഘടന തയാ റാണെന്നും ഇവര്‍ പറയുന്നു.ഭക്ഷണം നല്കുന്ന രീതി ഒഴിവാക്കി പകല്‍സമയങ്ങളില്‍ മാത്രം പരിപാടി സംഘടിപ്പിക്കുക. വേഷവിധാനത്തിലും ചമയത്തിലുമുള്ള ആര്‍ഭാടങ്ങള്‍ ഒഴിവാക്കണം. അപ്പീല്‍ പരമാവധി ഒഴിവാക്കിയാല്‍ അപ്പീല്‍ കമ്മിറ്റിക്കായി നീക്കിവച്ച തുക ലാഭിക്കാം. അപ്പീല്‍ നിര്‍ബന്ധമെങ്കില്‍ തുക ഇരട്ടിയാക്കാം.
സംസ്ഥാനതലത്തില്‍ പന്തല്‍, ഭക്ഷണം എന്നിവ ഒഴിവാക്കുക, പരിപാടി നടക്കുന്ന ജില്ലയിലെ ഹാളുകള്‍, സ്കൂള്‍ ഓഡിറ്റോറിയങ്ങള്‍ എന്നിവ മത്സരത്തിനായി ഉപയോഗപ്പെടുത്തുക തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് സംഘടന മുന്നോട്ടുവച്ചത്.
പ്രളയബാധിതര്ക്ക്ഒന്നരലക്ഷം നല്‍കും
തൃശൂര്‍: ജില്ലയിലെ പ്രളയബാധിതരായ 25 പേര്‍ക്ക് 1,50,000 രൂപ ധനസഹായം നല്‍കുമെന്ന് ഓള് കേരള ഡാന്‍സ് ടീച്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബർ രണ്ടിനു ഗോള്‍ഡ് മര്‍ച്ചന്റ്സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സഹായം കൈമാറും. ഗിരിജ ചന്ദ്രന്, കലാമണ്ഡലം ഹുസ്ന ബാനു, സുനില്‍ ഗുരുവായൂര്‍, സുന്ദരേശന്, ജോബ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.