പത്തനംതിട്ട: ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗവാസന പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണൽ സർവീസ് സ്കീം സംഘടിപ്പിച്ച സമദർശൻ വ്യത്യസ്തമായി.എൻഎസ്എസ് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൈപ്പട്ടൂർ ഗവൺമെന്റ് വിഎച്ച്എസ്എസ്, കോന്നി അമൃത വിഎച്ച്എസ്എസ് ഇലന്തൂർ ഗവണ്മെന്റ് വിഎച്ച്എസ്എസ്, എന്നിവിടങ്ങളിലെ എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് സമദർശൻ എന്ന പേരിൽ കലാവിരുന്ന് സംഘടിപ്പിച്ചത്.
ജില്ലയിലെ 14 സ്പെഷൽ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളുടെ കലാപരിപാടികളാണ് സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ ജനപ്രതിനിധികൾ ഉദ്ഘാടന പരിപാടിയിൽ വിട്ടുനിന്നെങ്കിലും പരിപാടിയുടെ ശോഭ കെടാതെ കുട്ടികൾ തങ്ങളുടെ കഴിവുകൾ അവതരിപ്പിക്കുന്നതിൽ മികവ് കാട്ടി. കലാമേളയിൽ പങ്കെടുത്ത സ്കൂളുകൾക്ക് 10000 രൂപയുടെ പഠനോപകരണങ്ങൾ വിതരണം ചെയ്തതായി സംഘാടകർ പറഞ്ഞു.
കോന്നി അമൃത ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കൃഷ്ണ കുമാറിന്റെ അധ്യക്ഷതയിൽ പ്രമുഖ സിനിമാ സീരിയൽ നടൻ സജിൻ ജോണ് മേള ഉദ്ഘാടനം ചെയ്തു. ജി. സ്മിതാ, അനിലാ തോമസ്, വി. പ്രിയ തുടങ്ങിയവർ പ്രസംഗിച്ചു. നാടൻ പാട്ടും, സംഗീതവും നൃത്തവുമടക്കം മികച്ച കലാ പരിപാടികളാണ് ഭിന്നശേഷിക്കാരായ കലാകാരൻമ്മാരും കലാകാരികളും വേദിയിൽ അവതരിപ്പിച്ചത്. അവർക്ക് ഒപ്പം താളം പിടിച്ചും കൈയടിച്ചും സദസിൽ നിന്ന് വലിയ പ്രോത്സാഹനം ലഭിച്ചതും കലാമേളയെ വേറിട്ട അനുഭവമായി.