ഡാൻസ് ഇഷ്ടപ്പെടുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും ചെറുതായെങ്കിലും ചുവടു വയ്ക്കാത്തവർ ചുരുക്കം.
ഇന്നു ഡാൻസിനു ലോകമെന്പാടുമായി വൈവിധ്യമാർന്ന രൂപങ്ങളുണ്ട്. മനുഷ്യന്റെ സന്തോഷത്തിന്റെയും വിജയാഘോഷത്തിന്റെയുമൊക്കെ പ്രതീകമാണ് പലപ്പോഴും നൃത്തവും തുള്ളലുമൊക്കെ.
താളവും ചുവടുകളും ചേർന്ന ശാസ്ത്രീയ നൃത്തം മുതൽ മനുഷ്യൻ തോന്നും പടി നടത്തുന്ന തുള്ളിച്ചാട്ടം വരെ ഡാൻസിന്റെ വകഭേദങ്ങളാണ്. ഇതെല്ലാം മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിനും മാനസിക ഉല്ലാസത്തിനും ഗുണം ചെയ്യുന്നവ കൂടിയാണ്.
എന്നാൽ, രോഗങ്ങളെ തുരത്താൻ ഡാൻസ് ചെയ്യുമോ? ചോദ്യം കേട്ടാൽ പലരും നെറ്റി ചുളിച്ചേക്കാം. ദക്ഷിണാഫ്രിക്കയിലെ സാൻ ഗോത്രവിഭാഗക്കാർ നൃത്തം ചെയ്തു രോഗങ്ങളെ തുരത്തുന്നതിൽ പേരുകേട്ടവരാണ്. ഈ ഗോത്ര വിഭാഗം പരന്പരാഗതമായി വേട്ടക്കാരാണ്.
ട്രാൻസ് ഡാൻസ്!
രോഗ ചികിത്സയുടെ ഭാഗമായി ഇവർ നടത്തുന്ന ഡാൻസ് ട്രാൻസ് ഡാൻസ് എന്നും രോഗശാന്തി നൃത്തമെന്നുമൊക്കെ അറിയപ്പെടുന്നു. സാധാരണ രോഗം വരുന്പോൾ വിശ്രമിക്കാനല്ലേ ഡോക്ടർമാർ പറയുക.
എന്നാൽ, ഇവരുടെ കഥ നേരേ തിരിച്ചാണ്. നൃത്തം ഇവരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. അതൊരു പ്രാർഥനപോലെ അവർ കൊണ്ടുനടക്കുന്നു. പവിത്രമായും മാന്ത്രികശക്തിയുള്ളതുമാണ് ട്രാൻസ് ഡാൻസ് എന്ന് അവർ വിശ്വസിക്കുകയും ചെയ്യുന്നു.
രാത്രിയിലാണ് ഇവരുടെ ട്രാൻസ് ഡാൻസ് അരങ്ങേറുന്നത്. രാത്രി മുഴുവൻ ഇതു നീണ്ടുനിൽക്കും. തീയ്ക്കു ചുറ്റുമാണ് നൃത്തം നടക്കുന്നത്. ഇതിനായി പ്രത്യേക തീ വലയം സൃഷ്ടിച്ചിരിക്കും. സ്ത്രീകളും കുട്ടികളും ചുറ്റുമിരുന്നു പാട്ടുകൾ ആലപിക്കും. സംഗീതത്തിന്റെ താളത്തിൽ കൈകൾ അടിക്കും.
തുടർന്നു രോഗശാന്തി ആവശ്യമുള്ളവർ തീയ്ക്കു ചുറ്റും പാട്ടും കൈയടിയും ആസ്വദിച്ചു ഡാൻസ് ചെയ്യുന്നു. ഇവരുടെ ഡാൻസ് മണിക്കൂറുകൾ നീളുന്പോൾ ഡാൻസ് ചെയ്യുന്നയാൾ വല്ലാത്തൊരു അനുഭൂതിയിലേക്ക് മാറുന്നു.
ഈ അനുഭൂതിയിലൂടെ അവർക്കു വലിയൊരു ഊർജം ലഭിക്കുന്നു. ഈ ഊർജം അവരുടെ രോഗത്തെ ഭേദമാക്കുന്നു. ഇതാണ് ട്രാൻസ് ഡാൻസിനെക്കുറിച്ചുള്ള അവരുടെ സങ്കല്പം.
തളർന്നു വീഴുന്നു
ട്രാൻസ് ഡാൻസ് രാത്രി മുഴുവൻ നീണ്ടുനിൽക്കും. ആളുകൾ തളർന്നാലും നിർത്തില്ല. സൂര്യോദയം വരെ തുടരും. സൂര്യൻ ഉദിക്കുമ്പോൾ നൃത്തം തീവ്രമാക്കുകയും പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്യും.
ആളുകളെല്ലാം ക്ഷീണിതരായി മാറുന്നു. പിന്നീടവർ കൊച്ചുകുഞ്ഞുങ്ങളെപ്പോലെ നന്നായി ഉറങ്ങുന്നു. ഉറക്കമുണർന്നു കഴിയുന്പോൾ രോഗത്തിനു ശമനം വന്നതായും വല്ലാത്തൊരു ഊർജം പൊതിഞ്ഞതായും തോന്നുമെന്നാണ് അവരുടെ അനുഭവസാക്ഷ്യം.
പൂർണമായി രോഗശാന്തി കൈവരുന്പോൾ, അവർ തങ്ങളുടെ ട്രാൻസ് അനുഭവങ്ങൾ പരസ്പരം പങ്കിടുന്നു. ദക്ഷിണാഫ്രിക്കയിലെയും ബോട്സ്വാനയിലെയും ഗുഹകളിലും പാറയിടുക്കിലും മറ്റുമൊക്കെയുള്ള പെയിന്റിംഗുകളിലും കൊത്തുപണികളിലും ട്രാൻസ് ഡാൻസ് ചിത്രീകരിച്ചിട്ടുണ്ട്.
രോഗശാന്തിയോടൊപ്പം കോപം, അസൂയ, തർക്കങ്ങൾ തുടങ്ങിയ മോശം സ്വഭാവങ്ങൾ ഡാൻസ് ചെയ്യുന്നവരിൽനിന്നു പുറന്തള്ളി സാമൂഹിക ഐക്യം ഉറപ്പാക്കുമെന്നും അവർ വിശ്വസിക്കുന്നു.