നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും അത് കൈകാര്യം ചെയ്യാന്‍ കഴിയുന്നത് മഹാഭാഗ്യംതന്നെയല്ലേ…’ തുടക്കക്കാരായ ശിഷ്യകള്‍ക്ക് ഭരതനാട്യത്തിലെ പ്രാഥമിക പാഠങ്ങളായ നമസ്കാരവും തട്ടടവുമൊക്കെ കാണിച്ചുകൊടുക്കുകയാണ് 72കാരിയായ ജി. മഹിളാമണി എന്ന നൃത്താധ്യാപിക.
ആലപ്പുഴ പഴവീടില്‍ വീടിനോട് ചേര്‍ന്നുള്ള ശ്രീകലാനിലയം എന്ന നൃത്തവിദ്യാലയത്തില്‍ ഇരുപതോളം ശിഷ്യകള്‍ക്ക് തന്നിലെ കഴിവ് പകര്‍ന്നു നല്കുമ്പോഴും പ്രായാധിക്യത്തിന്റെ വിഷമതകള്‍ ഈ നര്‍ത്തകിയെ ബാധിച്ചിട്ടില്ല. ഇന്നും പാട്ടിന്റെ താളത്തിനൊപ്പമുള്ള ചുവടും മുഖത്ത് മിന്നിമായുന്ന വ്യത്യസ്ഥ ഭാവങ്ങളും മഹിളാമണിയെന്ന നൃത്ത അധ്യാപികയുടെ വിഷമതകളില്‍ തളരാതെ പൊരുതി നേടിയ ജീവിത വിജയത്തിന്റെ കഥ കൂടിയാണ് പറയുന്നത്.
അഞ്ചാം വയസിലെ നൃത്ത പഠനം
ആലപ്പുഴ സ്വദേശികളായ ശ്രീധരന് നായര്‍ – ഗൗരിക്കുട്ടിയമ്മ ദമ്പതികള്‍ക്ക് കലാപരമായി അത്ര കഴിവൊന്നും ഇല്ല. ഗൗരിക്കുട്ടിയമ്മ തിരുവാതിരപ്പാട്ടുകള്‍ പാടുമായിരുന്നു. ഇവരുടെ മകളായ മഹിളാമണിക്ക് ചെറുപ്പം മുതല്‍ നൃത്തത്തോടായിരുന്നു കമ്പം.
കൊച്ചുകുട്ടിയായിരിക്കുമ്പോള് തന്നെ എവിടെയെങ്കിലും പാട്ടുകേട്ടാല്‍ മഹിളാമണി താളംപിടിക്കും, അതിനൊപ്പം ചുവടുവയ്ക്കും. മകളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ ശ്രീധരന് നായര്‍ അവളെ അഞ്ചാം വയസില്‍ നൃത്തം പഠിക്കാനായി ആര്യകലാനിലയം രാമുണ്ണി മാഷിന്റെ അടുത്താക്കി. വളരെപ്പെട്ടെന്നു തന്നെ മഹിളാമണി ഓരോ സ്റ്റെപ്പുകളും പഠിച്ചു. അങ്ങനെ എട്ടാം വയസില്‍ ആലപ്പുഴ മുല്ലയ്ക്കല് ക്ഷേത്രത്തില്‍ അരങ്ങേറ്റവും നടന്നു.
തിരുവിതാംകൂര്‍
സഹോദരിമാരുടെ അടുത്തേക്ക്
മഹിളാമണിയുടെ അമ്മാവന് ആലപ്പുഴയിലെ ഒരു അനാഥമന്ദിരത്തിന്റെ സൂപ്രണ്ടായിരുന്നു. അവിടെയുള്ള അന്തേവാസികളെ കാണാനായി ഒരിക്കല്‍ പ്രശസ്ത നടിയും തിരുവിതാംകൂര്‍ സഹോദരിമാരില്‍ ഒരാളുമായ ലളിത എത്തി.
സംസാരത്തിനിടെ തന്റെ അനന്തരവളുടെ അരങ്ങേറ്റം അടുത്തിടെയായിരുന്നുവെന്ന കാര്യം കൃഷ്ണപിള്ള അവരോട് പറഞ്ഞു. അക്കാലത്ത് ലളിത, പത്മിനി, രാഗിണിമാര്‍ രാമായണം ബാലെ ചെയ്യുന്ന സമയമാണ്. ബാലെയിലേക്ക് കുട്ടികളെ അന്വേഷിക്കുന്നുമുണ്ടായിരുന്നു.
അങ്ങനെ തിരുവിതാകൂര്‍ സഹോദരിമാരുടെ ക്ഷണം സ്വീകരിച്ച് എട്ടാം വയസില്‍ മഹിളാമണി ചെന്നൈയിലേക്ക് വണ്ടികയറി. വീട്ടുകാരെ പിരിയാന്‍ വിഷമം ഉണ്ടായെങ്കിലും നല്ല നര്‍ത്തകിയായി മടങ്ങിയെത്താം എന്ന് എല്ലാവരും പറഞ്ഞപ്പോള്‍ മഹിളാമണി മറ്റൊന്നും ചിന്തിച്ചില്ല. ലളിത, പത്മിനി, രാഗിണിമാരുടെ കൂടെ മൂന്നു വര്‍ഷക്കാലം അവിടെ കഴിഞ്ഞു.
തീരെ ചെറിയ പ്രായത്തില്‍ വീടുമാറിയെങ്കിലും മാതാപിതാക്കളെ കാണാത്ത വിഷമമൊന്നും അറിയിക്കാതെയാണ് തിരുവിതാംകൂര്‍ സഹോദരിമാര്‍ മഹിളാമണിയെ കൊണ്ടുനടന്നത്. അവിടെ വച്ച് ഭരതനാട്യത്തിനൊപ്പം ഫോക്ക് ഡാന്‍സും അഭ്യസിച്ചു. രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ നിരവധി വേദികളില്‍ മഹിളാമണി നൃത്തം അവതരിപ്പിച്ച് കൈയടി നേടി.
അങ്ങനെയിരിക്കെ പത്മിനിയുടെ വിവാഹത്തിനായി എല്ലാവരും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തി. ഈ സമയത്ത് കല്യാണത്തില്‍ പങ്കെടുക്കാനായി മഹിളാമണിയുടെ മാതാവും എത്തിയിരുന്നു. അമ്മയെ കണ്ടതോടെ വീട്ടിലേക്ക് പോകാന്‍ മഹിളാമണി വാശിപിടിച്ചു. അങ്ങനെ അമ്മയ്ക്കൊപ്പം ആലപ്പുഴയിലേക്ക് തിരികെയെത്തി. നാട്ടിലെത്തിയ ശേഷം വീണ്ടും നൃത്തപഠനം തുടര്‍ന്നു.
വെള്ളിത്തിരയിലും
വെള്ളിത്തിരയിലും തന്റെ വൃക്തിമുദ്ര പതിപ്പിക്കാന്‍ മഹിളാമണിക്കു കഴിഞ്ഞു. നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ആയിരുന്നു ആദ്യ സിനിമ. രാഗിണിക്കൊപ്പമുള്ള ഒരു യാത്രയില്‍ ചെന്നൈയില്‍ വച്ച് കണ്ടുമുട്ടിയ ഒരു സിനിമാപ്രവര്‍ത്തകനാണ് അതിനുള്ള അവസരമൊരുക്കിയത്. തുടര്‍ന്ന് ജയില്‍, ഒരു സുന്ദരിയുടെ കഥ, ആരോമല്‍ ഉണ്ണി തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.
കൂട്ടായി വീരകുമാറും
1966 ലായിരുന്നു മഹിളാമണി ബാലരാമപുരം സ്വദേശിയും ബിസിനസുകാരനുമായ വീരകുമാറിന്റെ ജീവിതസഖിയായത്. വീരകുമാറും കലയോട് താല്പര്യമുള്ള ആളായിരുന്നു. ഇതിനിടയില്‍ 1975 ല്‍ ആലപ്പുഴ ജവഹര്‍ ബാലഭവനില്‍ നൃത്താധ്യാപികയായി മഹിളാമണി ജോലിയില്‍ പ്രവേശിച്ചു. സ്കൂളിലെ ജോലിക്കൊപ്പം പ്രൈവറ്റായി നൃത്തക്ലാസുകള്‍ എടുത്തു. ഭാര്യയുടെ മനസറിഞ്ഞ വീരകുമാര്‍, ശ്രീകലാനിലയം എന്ന പേരില്‍ വീട്ടില്‍ തന്നെ ഒരു നൃത്ത കലാലയം തുടങ്ങാന്‍ മഹിളാമണിക്ക് പിന്തുണയേകി. ഇതിനിടയില്‍ ഇവര്‍ക്ക് മൂന്നു മക്കളും ജനിച്ചു. സംഗീതവും നൃത്തവും കൊണ്ട് സന്തോഷകരമായി മുന്നോട്ടു പോയ ആ ജീവിതത്തിന് അല്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 27-ാം വയസില്‍ മഹിളാമണിക്ക് വീരകുമാറിനെ നഷ്ടമായി.
അതിജീവനത്തിനു വേണ്ടിയുള്ള നൃത്തം
ഭര്‍ത്താവിന്റെ ആകസ്മിക വിയോഗം അവരെ തളര്‍ത്തിയെങ്കിലും കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്തപ്പോള്‍ വെറുതെയിരിക്കാനായില്ല. പിന്നീടങ്ങോട്ട് മഹിളാമണി ആടിയത് അതിജീവനത്തിനുവേണ്ടിയുള്ള നൃത്തമായിരുന്നു. നൃത്ത പഠന ക്ലാസില്‍നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് മക്കളെ പഠിപ്പിച്ചു ജോലിക്കാരാക്കി.
മക്കളെ വിവാഹം ചെയ്തുകൊടുത്തു. മൂത്തമകള്‍ ഗോമതി സരോജം സയന്‍സ് ആന്‍ഡ് ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥയായിരുന്നു. നിലവില്‍ വിആര്‍എസ് എടുത്ത ഗോമതി 1984 ല്‍ കോളജ് പഠനകാലത്ത് കേരള സര്‍വകലാശാല കലോത്സവത്തില്‍ ഭരതനാട്യത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു.
ആലപ്പുഴ സീ ഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് യൂണിറ്റ് ഹെഡായ രണ്ടാമത്തെ മകള്‍ രാജരാജേശ്വരിയും യൂണിവേഴ്സിറ്റി തലത്തില്‍ പലതവണ കലാതിലകം ആയിട്ടുണ്ട്. മകന് അജയ്കാന്ത് മാധ്യമപ്രവര്‍ത്തകനാണ്.
അയ്യായിരത്തിലധികം വിദ്യാർഥികൾ
30 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം മഹിളാമണി ശീകലാനിലയത്തില് കൂടുതല്‍ സജീവമായി. ആദ്യനാളുകളില്‍ ഓരോ ബാച്ചിലും 70ലധികം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ചലച്ചിത്ര നടിമാരായ ഉഷ, ദേവി ചന്ദന, സോണിയ.ജി. നായര്‍ എന്നിവരെല്ലാം മഹിളാമണിയുടെ ശിക്ഷ്യഗണത്തില്‍ ഉള്‍പ്പെടും. ഇതിനകം അയ്യായിരത്തിലധികം വിദ്യാര്‍ഥികളെയാണ് ഇവര്‍ നൃത്തം അഭ്യസിപ്പിച്ചിരിക്കുന്നത്. സ്കൂള്‍-കോളജ് കലോത്സവങ്ങളില്‍ പലപ്പോഴും മഹിളാമണി ടീച്ചറുടെ ശിഷ്യര്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. മത്സരങ്ങളുടെ വിധി കര്‍ത്താവായും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. ബാലഭവനില്‍ സഹപ്രവര്‍ത്തകനായിരുന്ന നടന് നെടുമുടി വേണുവിനൊപ്പം ചേര്‍ന്ന് നിരവധി ബാലെകളും നൃത്തങ്ങളും സംവിധാനം ചെയ്തിട്ടുമുണ്ട്.
ഇപ്പോള്‍ 20 ഓളം വിദ്യാര്‍ഥികള്‍ക്കാണ് മഹിളാമണി ടീച്ചര്‍ നൃത്തപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത്. എട്ടു വയസു മുതല്‍ 14 വയസുവരെയുള്ളവരാണ് ശിഷ്യകള്‍. വൈകിട്ട് നാലു മുതല്‍ ആറ് വരെയാണ് ക്ലാസ്. ഭരതനാട്യമാണ് പ്രധാനമായും പഠിപ്പിക്കുന്നത്. കൊച്ചുകുട്ടികള്‍ ഭരതനാട്യത്തോട് വിരസത തോന്നാതിരിക്കാന്‍ ഇടയ്ക്ക് ഫോക്ക് ഡാന്‍സും പഠിപ്പിക്കുമെന്ന് മഹിളാമണി പറഞ്ഞു. അടുത്തിടെ വരാന്തയില്‍ തെന്നിവീണ് മുട്ടിന്റെ ചിരട്ടയ്ക്ക് പരിക്കേറ്റ് വിശ്രമിക്കേണ്ടി വന്ന മൂന്നു മാസം ഒഴിച്ചാല്‍ തനിക്കൊപ്പം എന്നും നൃത്തമുണ്ടെന്ന് മഹിളാമണി പറഞ്ഞു.
സീമ മോഹന്‍ലാല്‍