പൊടുന്നനെയാണ് സ്ട്രാസ്ബർഗിലെ ആ തെരുവ് അവളുടെ ചടുലചലനങ്ങളിലേക്കു മിഴിതിരിച്ചത്. ജൂലൈപകലിന് ആവേശം പകർന്ന് ഫ്രോ ട്രോഫിയ നൃത്തം തുടങ്ങി.
യൂറോപ്പിന്റെ തെരുവുകൾക്ക് അപ്പോൾ അതു പുതുമയല്ലായിരുന്നു. പാട്ടും നൃത്തവും മാജിക്കും നിറംപകരുന്ന വഴിയോരങ്ങളും ആവേശമുണർത്തുന്ന രസത്തെരുവുകളുമില്ലാതെ അവിടെയെന്തു ജീവിതം! പതിവുപോലെ എല്ലാവരും ചിരിച്ചു, കയ്യടിച്ചു.
അവളുടെ നൃത്തച്ചുവടുകളിൽ തെരുവ് സമയരഥവേഗമറിഞ്ഞില്ല. പകൽ പാതി മറഞ്ഞിട്ടും ഫ്രോ നൃത്തം നിർത്തിയില്ല. ലാസ്യഭംഗികളിൽ മനസു നിറഞ്ഞുള്ള ചുവടുകളല്ല അതെന്നു പതിയെ ജനം തിരിച്ചറിഞ്ഞു.
എല്ലാം മറന്ന നൃത്തം
എല്ലാം മറന്ന് ഫ്രോ നൃത്തം തുടർന്നത് ആറു ദിവസം! ഒരാഴ്ചയ്ക്കകം 34 പേർ അവൾക്കൊപ്പം ചുവടുവയ്ക്കാൻ തുടങ്ങി. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെട്ട സംഘം ഉന്മാദമാനസരായി തെരുവുകളിലാടിത്തിമിർത്തു.
തലകറങ്ങി പരസ്പരം കൂട്ടിമുട്ടി ബോധം നശിച്ചു നിലത്തുവീഴുന്നതു വരെ. തളർന്നു വീണവർ തെല്ലിട വിശ്രമിച്ച് നൃത്തം തുടർന്നു. ആ മാസം അവസാനിച്ചപ്പോഴേക്കും നൃത്തം എന്ന ‘പകർച്ചവ്യാധി’യിൽ അടിതെറ്റിയവർ നാനൂറായി.
50 മുതൽ 400 വരെ ആളുകൾ ദിവസങ്ങളോളം എല്ലാം ഉപേക്ഷിച്ച് ഒരു കാരണവുമില്ലാതെ ഒന്നിച്ചു നൃത്തമാടിയപ്പോൾ നാടിന്റെ ജീവിതതാളം തെറ്റി. അതു വല്ലാത്തൊരസ്ഥയാണ്. ആ ‘ഡാൻസിംഗ് മാനിയ’യിൽ അന്നാട്ടുകാർ പൊല്ലാപ്പിലായി!
കാര്യങ്ങൾ കൈവിട്ടപ്പോൾ!
ഭ്രാന്തമായ നൃത്തപ്രണയം നാടാകെ പടർന്നു. എവിടെയും നർത്തകർ മാത്രം എന്നായി കാര്യങ്ങൾ. അധികാരികൾ അന്പരന്നു. സ്ട്രാസ്ബർഗ് മജിസ്ട്രേറ്റും മതനേതാക്കളും കാരണം തേടി. ജനത്തിന്റെ പോക്ക് അപകടത്തിലേക്കെന്ന് അവരറിഞ്ഞു. ജനം ആടിത്തന്നെ തീർക്കട്ടെ..അതായിരുന്നു അധികാരികളുടെ ഭാവം.
നൃത്തമാടാൻ വേദിയൊരുക്കി; പശ്ചാത്തലസംഗീതമൊരുക്കാൻ പക്കമേളക്കാരെയും. എല്ലാം അങ്ങനെ അവസാനിക്കുമെന്നു കരുതിയവർക്കു തെറ്റി. അതു കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഭരണാധികാരികളുടെ സമീപനം ജനം പ്രോത്സാഹനമായി കരുതി.
കൂടുതൽപേർ സമൂഹനൃത്തത്തിനു റെഡിയായി വന്നു. ഒരു പെണ്കുട്ടിയിൽ നിന്നുരുവായ നൃത്തത്തിന്റെ ആ അരുവി ഒരു കൂട്ടം പെണ്കുട്ടികൾ ഒഴുകിയെത്തി പെരുംപുഴയായി തിമിർക്കാൻ നേരമേറെ വേണ്ടിവന്നില്ല. ഡോക്ടർമാരും തെരുവുകളിലെത്തി. ഉന്മാദനൃത്തത്തിനൊടുവിൽ വീണവരെ അവർ ആശുപത്രിയിലെത്തിച്ചു.
വിശ്വസിച്ചാലും, ഇല്ലെങ്കിലും…
ഡാൻസിംഗ് പ്ലേഗ്, ഡാൻസിംഗ് എപ്പിഡമിക് എന്നൊക്കെയാണ് ചരിത്രത്തിൽ ആ സമൂഹനൃത്തത്തിനു പേരുകൾ. നൃത്തം പകർച്ചവ്യാധിയായി മാറുകയായിരുന്നു.
1518 ൽ ഹോളി റോമൻ സാമ്രാജ്യ കാലത്ത് ഫ്രാൻസിലെ സ്ട്രാസ്ബർഗിലാണ് അതു സംഭവിച്ചത്. വിശ്വസിക്കാൻ അല്പം പ്രയാസമുണ്ടാവും, അല്ലേ. രേഖകൾ കണ്ടാലേ വിശ്വസിക്കൂ എന്നുള്ളവരോടു പറയട്ടെ. ഉണ്ട,് രേഖകളുണ്ട്.
അക്കാലത്തെ ഡോക്ടർമാരുടെ കുറിപ്പടികൾ, പള്ളികളിലെ പ്രഭാഷണങ്ങൾ, പ്രാദേശിക ചരിത്ര ലേഖനങ്ങൾ, സ്ട്രാസ്ബർഗ് സിറ്റി കൗണ്സിലിന്റെ കുറിപ്പുകൾ… വിചിത്രമായ ആ സമൂഹനൃത്തത്തെക്കുറിച്ചുള്ള പരാമർശങ്ങൾ എല്ലാത്തിലുമുണ്ട്. അതേ, അതു സംഭവിച്ചതാണ്. പക്ഷേ, കാരണം… അത് ആരും അന്നു പറഞ്ഞില്ല..!
കണക്കിലൊതുങ്ങാത്ത സത്യങ്ങൾ
എല്ലാം പരിധി കടന്നപ്പോൾ ആടാൻ ശരീരം വിസമ്മതിച്ചുതുടങ്ങി. സ്ട്രോക്ക്, ഹൃദയാഘാതം, തളർച്ച… കാരണങ്ങൾ പലതായിരുന്നു. ദിവസം പതിനഞ്ചു പേർ വരെ മരണപ്പെട്ടതായി ചില കേന്ദ്രങ്ങൾ പറയുന്നു. പക്ഷേ, സ്ട്രാസ്ബർഗിലെ അധികാരികൾ കൃത്യമായ കണക്കുകൾ പുറത്തുവിട്ടിരുന്നില്ല.
അമേരിക്കൻ മെഡിക്കൽ ചരിത്ര ലേഖകനായ ജോണ് വാലർ എഴുതിയ ‘എ ടൈം റ്റു ഡാൻസ്, എ ടൈം റ്റു ഡൈ, ദ എക്സ്ട്രാഓർഡിനറി സ്റ്റോറി ഓഫ് ദ ഡാൻസിംഗ് പ്ലേഗ് 1518’എന്ന പുസ്തകമാണ് ചില വിവരങ്ങൾ പങ്കുവയ്ക്കുന്നത്.
ഫ്രോ ട്രോഫിയയാണ് ആദ്യമായി നൃത്തം തുടങ്ങിയത് എന്നതിലും വ്യക്തതയില്ല; അവിരാമ നൃത്തം ചെയ്തു മരിച്ചവരുടെ എണ്ണത്തിലും.
എർഗോട്ടിസം തിയറി
എർഗോട്ട് ഫംഗസ് ഉത്പാദിപ്പിക്കുന്ന വിഷകരമായ സൈക്കോ ആക്ടീവ് കെമിക്കലുകൾ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധയാണ് നൃത്തമാടാൻ പ്രേരകമാകുന്നതെന്നായിരുന്നു ചിലരുടെ അനുമാനം.
ബ്രഡ് തയാറാക്കാൻ ഉപയോഗിക്കുന്ന റൈ(rye) എന്ന ധാന്യത്തിലാണ് ഇത്തരം ഫംഗസുകൾ കാണാറുള്ളത്. ഇത്തരം ഫംഗസുകൾ ഉത്പാദിപ്പിക്കുന്ന എർഗോട്ടമീന് ലൈസർജിക് ആസിഡ് ഡൈഈതൈൽ അമൈഡുമായി ഘടനാപരമായി സാദൃശ്യമുണ്ട്.
ലൈസർജിക് ആസിഡ് ഡൈഈതൈൽ അമൈഡ് വൈകാരികസ്ഥിതിയിൽ മാറ്റം വരുത്തുന്ന(mood – changing) കെമിക്കലാണ്. എർഗോട്ട് ഫംഗസ് കറുപ്പുമായി ചേരുന്പോൾ ചില വിഭ്രാന്തികൾ ഉണ്ടാക്കുമെന്നും അനുമാനമുണ്ട്. പക്ഷേ, ജോണ് വാലർ ഇത് അംഗീകരിക്കുന്നില്ല.
ഇത്തരം സൈക്കോട്രോപിക് കെമിക്കലുകളോട് നിരവധി പേർ ഒരേസമയം പ്രതികരിക്കുകയും ഉന്മാദാവസ്ഥ പ്രാപിക്കുകയും ചെയ്യുക എന്നത് അസംഭവ്യമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അങ്ങനെ എർഗോട്ടിസം തിയറി നൃത്തവ്യാധിയുടെ കാരണം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു.
സ്ട്രെസ് ഇൻഡ്യൂസ്ഡ് മാസ് ഹിസ്റ്റീരിയ
സ്ട്രെസ് ഇൻഡ്യൂസ്ഡ് മാസ് ഹിസ്റ്റീരിയ – അതാണു കാരണമെന്നുള്ള ഒരു നിരീക്ഷണം കൂടിയുണ്ട്. സമൂഹമനസിനെ ബാധിച്ച വിഭ്രാന്തിയുടെ രോഗമെന്നു ചുരുക്കം.
സ്ട്രസ് കാരണം ഒരു സമൂഹമൊന്നാകെ വിഭ്രാന്തിയിലേക്ക് എത്തുന്ന അവസ്ഥ. അതു പരകോടിയിൽ എത്തുന്പോൽ ജനം എല്ലാം മറന്ന് ചുവടുകൾവച്ചു തുടങ്ങുമത്രേ.
ഒരാളിൽ നിന്നു തുടങ്ങി ഒരു കൂട്ടമാളുകളിലേക്കു പകരുന്ന സ്വഭാവം. മാനസിക പിരിമുറുക്കമാണ് അടിസ്ഥാന പ്രശ്നമെന്നു ചുരുക്കം. അതിനു വ്യക്തിപരമായ കാരണങ്ങൾ മുതൽ ഒരുവൻ ജീവിക്കുന്ന സമൂഹത്തിന്റെ അവസ്്ഥകൾ വരെയുണ്ട്.
സ്ട്രെസ് ഇൻഡ്യൂസ്ഡ് സൈക്കോസിസ്
സ്ട്രെസ് ഇൻഡ്യൂസ്ഡ് സൈക്കോസിസ് അഥവാ മാനസിക പിരിമുറുക്കത്തിൽ നിന്നു രൂപപ്പെട്ട ചിത്തവിഭ്രാന്തി. അതാണു കാരണമെന്നു വാലർ നിരീക്ഷിക്കുന്നു.
ആളുകൾ നൃത്തമാടിയ പ്രദേശത്തിന്റെ പ്രത്യേകതകളിലേക്കാണ് അദ്ദേഹം ശ്രദ്ധക്ഷണിക്കുന്നത്. പട്ടിണി, രോഗങ്ങൾ, അന്ധവിശ്വാസങ്ങൾ…അതൊക്കെ ആ സമൂഹത്തിനു മേൽ ചൂഴ്ന്നു നിന്നിരുന്നു. പോരേ, ഏതെങ്കിലുമൊരു വിറയാർന്ന നിമിഷത്തിൽ മനോനില തെറ്റാൻ.
മെഡീവൽ കാലത്ത് അതേ പ്രദേശത്ത് പലതവണ ഡാൻസിംഗ് ‘പകർച്ചവ്യാധി’ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. സമൂഹനൃത്തത്തിനു പിന്നിൽ ഭൗതിക കാരണങ്ങളല്ല. മാനസിക കാരണങ്ങളെന്നു ചുരുക്കം.
അത് അടുക്കും ക്രമവുമില്ലാതെയും ആലോചനകളില്ലാതെയും ശരീരഭാഗങ്ങളെ സങ്കീർണമായി ചലിപ്പിച്ചു തുടങ്ങി. അതാണു സംഭവിച്ചത്. അത്തരം ചലനങ്ങൾ വിചിത്രനൃത്തമായി പരിണമിക്കുകയായിരുന്നുവത്രേ.