ന്യൂഡൽഹി: ദംഗൽ നടി സൈറ വസിമിനു നേരെ വിമാനത്തിൽ ഉണ്ടായ ലൈംഗിക അതിക്രമത്തെ അപലപിച്ച് ബോളീവുഡ് ചലച്ചിത്രലോകം. സംഭവം ഞെട്ടിക്കുന്നതാണെന്ന് ബോളീവുഡ് താരങ്ങൾ അഭിപ്രായപ്പെട്ടു. നടിമാരായ ശ്രീദേവി, മാധുരി ദീക്ഷിത്, കരീന കപൂർ, ആലിയ ഭട്ട്, നടൻ ജക്കി ഷ്റോഫ് തുടങ്ങി നിരവധിപ്പേരാണ് പ്രതിഷേധമറിയിചച് രംഗത്തെത്തിയത്.
സംഭവം തന്നെ ഞെട്ടിച്ചുവെന്നായിരുന്നു ശ്രീദേവിയുടെ പ്രതികരണം. ഇതേക്കുറിച്ച് കേട്ടപ്പോഴുണ്ടായ ഞെട്ടലില് നിന്ന് താൻ ഇപ്പോഴും മുക്തയായിട്ടില്ലെന്ന് അവർ പറഞ്ഞു. ഇന്ത്യ പോലെ സംസ്കാര സമ്പന്നമായ രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായതെന്ന് മാധുര ദീക്ഷിത് അഭിപ്രായപ്പെട്ടപ്പോൾ ഇത്തരം സംഭവങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കണമെന്നും അതിന് സ്ത്രീ സമൂഹം തന്നെ മുന്നിട്ടിറങ്ങണമെന്നും നടി കരീന കപൂർ അഭിപ്രായപ്പെട്ടു.
നാണക്കേടുണ്ടാക്കുണ്ടാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നായിരുന്നു നടൻ ജക്കി ഷ്റോഫിന്റെ അഭിപ്രായം. ആശങ്കയുളവാക്കുന്ന ഇത്തരം സഭവങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് ആലിയ ഭട്ടും ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് ഡൽഹിയിൽനിന്നു മുംബൈയിലേക്കുള്ള എയർ വിസ്താര വിമാനത്തിൽ യാത്ര ചെയ്യവെ സൈറയുടെ സീറ്റിനു പിന്നിൽ ഇരുന്ന യാത്രക്കാരൻ ഇവർക്കു നേരെ അതിക്രമത്തിനു ശ്രമിച്ചത്.
യാത്രക്കാരൻ കാൽ ഉപയോഗിച്ച് തന്റെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നുവെന്നും ഉറക്കത്തിലായിരുന്ന താൻ ഞെട്ടിയുണർപ്പോഴാണ് അക്രമിയുടെ കാൽ കാണാൻ കഴിഞ്ഞതെന്നും സൈറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വെളിപ്പെടുത്തുകയായിരുന്നു. പിന്നിലിരുന്നയാൾ അതിക്രമത്തിനു ശ്രമിക്കുന്നതിന്റെ വീഡിയോയും സൈറ സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. മങ്ങിയ വെളിച്ചമായതിനാൽ അക്രമിയുടെ ചിത്രമെടുക്കാൻ സൈറയ്ക്കു സാധിച്ചില്ല. എന്നാൽ അക്രമി കാൽ ഉപയോഗിച്ച് ഉരസുന്ന ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. പത്തുമിനിറ്റ് നേരത്തേക്ക് അതിക്രമം നീണ്ടു നിന്നെന്നാണ് സൈറ വെളിപ്പെടുത്തിയത്.
സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കസെടുത്തിരുന്നു. ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായതെന്നും വിമാനത്തിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ കമ്പനികൾ ശ്രമിക്കണമെന്നും കമ്മീഷൻ അധ്യക്ഷ രേഖ ശർമ ആവശ്യപ്പെടുകയും ചെയ്തു. അതിക്രമത്തിനു ശ്രമിച്ചയാളെ ഞായറാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈ സ്വദേശിയായ വികാസ് സച്ദേവ് എന്നയാളാണ് അറസ്റ്റിലായത്.