ചങ്ങനാശേരി: നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഫ്ളക്സ് ബോർഡുകൾ അപകടക്കെണിയായി മാറിയിരിക്കുന്നു. സംഭവത്തിൽ ജനരോക്ഷമുയർന്നിട്ടും നിസംഗനിലപാടു തുടരുകയാണ് അധികാരികള്‍.
അംഗീകരിച്ചതും അനധികൃതവുമായ നിരവധി ഫ്ളക്സ് ബോര്‍ഡുകൾ അപകടഭീഷണി ഉയർത്തുന്നുവെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം രാത്രി കാറ്റിലും മഴയിലും എസി റോഡില്‍ രണ്ടാംപാലത്തിനു സമീപം കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് തകര്‍ന്നുവീണത് ആശങ്കയുയർത്തിയിരുന്നു.
റോഡരികിലുള്ള പല ബോര്‍ഡുകളും വാഹനം ഓടിക്കുന്നരുടെ കാഴ്ച മറയ്ക്കുന്നതിനും ശ്രദ്ധതിരിക്കുന്നതിനും കാരണമാകുന്നുണ്ട്. സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലെ മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റി അപകടങ്ങള്‍ ഒഴിവാക്കണമെന്നു നിർബന്ധംപിടിക്കുന്ന അധികാരികളാണ് അപകടകാരികളായ ഇത്തരം ബോര്‍ഡുകള്‍ കണ്ടില്ലെന്നു നടിക്കുന്നത്.
അപകടസാധ്യതയുള്ള ഫ്ളസ് ബോര്‍ഡുകള്‍ സ്ഥാപിച്ചവരെക്കൊണ്ടുതന്നെ നീക്കം ചെയ്യിക്കുകയോ, തദ്ദേശസ്ഥാപനങ്ങള്‍ ഇവ അഴിച്ചുമാറ്റുന്നതിനു നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ബോര്‍ഡുകളും ബാനറുകളും പലയിടങ്ങളിലും അവശേഷിക്കുന്നുണ്ട്. വൈദ്യുതി പോസ്റ്റുകളില്‍ അലക്ഷ്യമായി സ്ഥാപിച്ചിരിക്കുന്ന വിവിധ ചാനലുകളുടെ കേബിളുകൾ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹന സഞ്ചാരികള്‍ക്കും അപകടക്കുരുക്കാണ്.