മാഡ്രിഡ്: യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിനിടെ ലിവർപൂളിന്റെ മുഹമ്മദ് സല പരിക്കിന്റെ വേദനയിൽ കരഞ്ഞ് കളംവിട്ടപ്പോൾ മറുവശത്ത് റയൽ മാഡ്രിഡിന്റെ ഡാനി കർവാഹലും കളംവിട്ടിരുന്നു. രണ്ടു പേരും അവരുടെ ലോകകപ്പ് ദേശീയ ടീമിൽ ഇടംപിടിച്ചവരുമായിരുന്നു. ഇവർക്കു പരിക്കേറ്റത് ആരാധകരെയും പരിശീലകരെയും വിഷമിപ്പിച്ചു. സലയ്ക്കു തോളിനും കർവാഹലിനു കാലിനുമാണ് പരിക്കേറ്റത്. ഇരുവരും ലോകകപ്പിലുണ്ടാകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
2016 യുവേഫ യൂറോ കപ്പും കർവാഹലിനു നഷ്ടമായിരുന്നു. അന്നും ചാന്പ്യൻസ് ലീഗ് ഫൈനലിലാണ് പരിക്കേറ്റത്. അത്ലറ്റിക്കോ മാഡ്രിഡ് ആയിരുന്നു അന്ന് എതിരാളികൾ.
മാഡ്രിഡിലെ ഒരു ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടന്ന ഒന്നര മണിക്കൂർ നീണ്ട പരിശോധനയിൽ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് വ്യക്തമായി.
കുറഞ്ഞത് മൂന്നാഴ്ചത്തെ വിശ്രമം മാത്രം മതിയെന്ന റിപ്പോർട്ടുകളാണ് വന്നിരിക്കുന്നത്. സ്പെയിന്റെ ലോകകപ്പ് പരിശീലന ക്യാന്പിൽ കർവാഹൽ പങ്കെടുക്കുകയും ചെയ്തു. ചാന്പ്യൻസ് ലീഗ് ഫൈനൽ ജയിച്ച റയൽ മാഡ്രിഡിനൊപ്പമുള്ള സ്പാനിഷ് താരങ്ങൾക്ക് ദേശീയ ടീമിനൊപ്പം ചേരാൻ ഒരാഴ്ചത്തെ അവധി നൽകിയിട്ടുണ്ട്.
കർവാഹലിന്റെ പരിക്ക് പ്രതീക്ഷിച്ചതുപോലെ ഗുരുതരമല്ലെന്ന് പരിശീലകനും അറിയിച്ചു. എംആർഐ പരിശോധനയിലും ടീം ഡോക്ടർമാർ നടത്തിയ പരിശോധനയിലും കർവാഹൽ സ്പെയിന്റെ ലോകകപ്പ് മത്സരത്തിനുണ്ടാകുമെന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു.