കാക്കനാട്: മുട്ടാർ പുഴയില്‍ മരിച്ചനിലയിൽ കണ്ടെത്തിയ വൈഗ എന്ന പതിമൂന്നുകാരിയുടെ അച്ഛൻ സനു മോഹന്റെ കങ്ങരപ്പടിയിലുള്ള ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റില്‍ ഡിസിപി ഐശ്വര്യ ഡോങ്റയുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി.
സനു മോഹൻ കുടുംബസമേതം താമസിച്ചിരുന്നത് ഈ ഫ്ളാറ്റിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു പരിശോധന.
തൊട്ടടുത്തെ ഫ്ളാറ്റിലെ താമസക്കാരില്‍നിന്നു ഡിസിപി വിവരങ്ങൾ ശേഖരിച്ചു. സനുവിന്റെ കുടുംബത്തില്‍ സംഭവം നടക്കുംമുന്പുതന്നെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ, വൈഗയോ, സനുവിന്റെ ഭാര്യ രമ്യയോടെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണു ചോദിച്ചറിഞ്ഞത്.
തൃക്കാക്കര അസി. കമ്മീഷണര്‍ ആര്. ശ്രീകുമാര്‍, തൃക്കാക്കര സിഐ കെ. ധനപാലന് തുടങ്ങിയവരും ഡെപ്യൂട്ടി കമ്മീഷണര്‍ക്കൊപ്പമുണ്ടായിരുന്നു.
സംഭവത്തിനുശേഷം സനു മോഹന്‍ സഞ്ചരിച്ച വാഹനം കണ്ടെത്താന്‍ തമിഴ്നാട്ടിലെ വര്ക്ക്ഷോപ്പുകളിലടക്കം അന്വേഷണം നടത്തുന്നുണ്ട്.
ഇയാൾ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നു. അവസാനമായി സനു മോഹന്‍ വിളിച്ച കോളുകള്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
വൈഗയുടെ മൃതദേഹം മാര്‍ച്ച് 21നാണ് മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയത്. വൈഗയെയുംകൊണ്ടു കാറിലാണ് സനു മോഹന്‍ അവസാനമായി വീട്ടില്‍നിന്ന് ഇറങ്ങിയത്. ഇതിനുശേഷം സനുവിനെ ആരും കണ്ടിട്ടില്ല.