റോം: ഇറ്റാലിന്‍ ക്ലബ് റോമയുടെ നായകന് ഡാനിയല്‍ ഡി റോസി ക്ലബ്ബിനൊപ്പമുള്ള 18 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിക്കുന്നു. ഈ സീസണ് അവസാനത്തോടെ താരം ക്ലബ് വിടുമെന്ന് എഎസ് റോമ ഇന്നലെ അറിയിച്ചു.
മുപ്പത്തിയഞ്ചുകാരാനായ ഡി റോസി ഇറ്റലി ഫിഫ ലോക ചാമ്പ്യന്മാരായ 2006 ലെ ടീമില്‍ അംഗമായിരുന്നു. ഡിഫന്‍സിവ് മിഡ്ഫീല്‍ഡറായ താരത്തിന്റെ റോമയ്ക്കൊപ്പമുള്ള അവസാന ഹോം മത്സരം 26ന് പാര്മയ്ക്കെതിരേയാണ്. റോമയില്‍നിന്നു മാറുകയാണെങ്കിലും ഡി റോസി ഫുട്ബോളിനോട് വിടപറഞ്ഞിട്ടില്ലെന്ന് ക്ലബ് അറിയിച്ചു.
ഡി റോസി ക്ലബ് വിടുന്നതോടെ ഒരു യുഗമാണ് അവസാനിക്കുന്നതെന്നും ക്ലബ് അറിയിച്ചു. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ഡി റോസിയുടെ നേതൃത്വത്തിലുള്ള റോമ ചാമ്പ്യന്‍സ് ലീഗ് കാലഘട്ടത്തില്‍ ആദ്യമായി സെമി ഫൈനലിലെത്തുകയും ചെയ്തു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്സലോണയെ പരാജയപ്പെടുത്താന്‍ ഡി റോസിയുടെ പങ്ക് വലുതായിരുന്നു. ആദ്യപാദത്തില്‍ ബാഴ്സലോണയുടെ ഗ്രൗണ്ടില്‍ 4-1ന് തോറ്റ റോമ സ്വന്തം ഗ്രൗണ്ടില്‍ 3-0ന് ജയിച്ചു. രണ്ടാം പാദത്തില്‍ റോമയുടെ നിര്‍ണായകമായ പെനല്‍റ്റി വലയിലാക്കിയതും ഡി റോസിയായിരുന്നു.റോമില്‍ ജനിച്ച താരം റോമയുടെ അക്കാഡമിയില്‍ പഠിച്ച് സീനിയര്‍ കരിയര്‍ മുഴുവനും അവിടെതന്നെ ചെലവഴിച്ചു.
ഈ 18 വര്‍ഷം ഡാനിയല്‍ എഎസ് റോമയുടെ ജീവനാഡിയായിരുന്നുവെന്ന് ക്ലബ് പ്രസിഡന്റ് ജിം പാലോട്ട പറഞ്ഞു. പാര്മയ്ക്കെതിരേയുള്ള മത്സരത്തോടെ റോമയുടെ പ്രസിദ്ധമായ മഞ്ഞയും ചുവപ്പും നിറമുള്ള ജഴ്സി ഡാനിയല്‍ ഊരുമ്പോള്‍ ഞങ്ങള്‍ എന്തായാലും കണ്ണീര് പൊഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രായം മുപ്പത്തിയാറിലേക്കടുത്തെങ്കിലും ഫുട്ബോള്‍ കരിയര്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അദ്ദേഹത്തോട് ബഹുമാനവുമുണ്ടെന്ന് ക്ലബ് പ്രസിഡന്റ് പറഞ്ഞു.
റോമയോടു പുലര്‍ത്തിയ അര്‍പ്പണ മനോഭാവത്തോട് ക്ലബ്ബിന് എക്കാലവും നന്ദിയുണ്ടെന്നും പുതിയ വേഷത്തില്‍ അദ്ദേഹത്തിന് എക്കാലവും ക്ലബ്ബിലേക്കു തിരിച്ചെത്താമെന്നും അതിനായി വാതിലുകള്‍ തുറന്നിടുമെന്ന് പാലോട്ട പറഞ്ഞു.റോമയ്ക്കായി 615 മത്സരങ്ങളിലിറങ്ങിയ ഡി റോസി 63 ഗോള്‍ നേടി. 200, 2008ലെ കോപ്പ ഇറ്റാലിയ, 2007ലെ സൂപ്പര്‍കോപ്പ എന്നിവ നേടുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
2017ല്‍ ക്ലബ്ബിന്റെ ഇതിഹാസതാരം ഫ്രാന്‍സിസ്കോ ടോട്ടി വിരമിച്ചതോടെയാണ് ഡി റോസി ടീമിന്റെ ക്യാപ്റ്റനുള്ള ആം ബാന്‍ഡ് അണിഞ്ഞത്. ഇറ്റലിയുടെ ദേശീയ ടീമിനൊപ്പം 117 മത്സരങ്ങളില്‍ ഇറങ്ങി. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച നാലാമത്തെയാളാണ് ഡി റോസി. 2017ല്‍ ഇറ്റലിക്ക് യോഗ്യത നേടാന്‍ കഴിയാതെ വന്നതോടെ ദേശീയ ടീമില്‍നിന്ന് വിരമിച്ചു.