ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞദിവസം അന്തരിച്ച തമിഴ് നടൻ ഡാനിയൽ ബാലാജിയുടെ കണ്ണുകൾ ദാനം ചെയ്തു. മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യുന്നതിന് നടൻ നേരത്തെ സമ്മതം നൽകിയിരുന്നു.
വെള്ളിയാഴ്ച രാത്രി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഹൃദയാഘാതത്തേ തുടർന്ന് ഡാനിയൽ ബാലാജി അന്തരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴിന് പുറമേ മലയാളം, കന്നഡ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കമൽ ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഒരു തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു.
വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭൈരവ തുടങ്ങിയവയാണ് ഡാനിയൽ ബാലാജിയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. ബ്ലാക്ക്, ഭഗവാൻ, ഡാഡി കൂൾ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ഡാനിയൽ ബാലാജി ശ്രദ്ധനേടിയിരുന്നു.