ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ മകന് അര്‍ജുനും ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഡാനിയേല വ്യാട്ടും തമ്മിലുള്ള സൗഹൃദം എല്ലാവര്ക്കും അറിയാവുന്നതാണ്. ഇരുവരുടെയും സൗഹൃദത്തിന്റെ കഥകള്‍ പലതവണ മാധ്യമങ്ങളിലും ഇടംപിടിച്ചു.
ഒരിക്കല്‍ ലണ്ടനിലെ ഒരു ഹോട്ടലില്‍ ഇരുവരും ഒരുമിച്ചു ഭക്ഷണം കഴിക്കാനെത്തിയത് വാര്‍ത്തയായി. ഇംഗ്ലണ്ടിലെ മൈതാനങ്ങളിലും ഭക്ഷണശാലകളിലും പലകുറി ഇരുവരെയും ഒരുമിച്ചു കണ്ടു.
അടുത്തിടെ സച്ചിന് തെന്‍ഡുല്‍ക്കര്‍ സ്വയം മുടിവെട്ടുന്ന ചിത്രത്തിന് താഴെ അര്‍ജുനെ ‘ട്രോളി’ ഡാനിയേല കമന്റിട്ടതും ശ്രദ്ധ നേടി.
മാത്രമല്ല, വനിതാ ക്രിക്കറ്റില്‍ തനിക്കേറ്റവും ഇഷ്ടമുള്ള താരം ഡാനിയേല വ്യാട്ടാണെന്ന് അര്ജുന് തന്നെ പരസ്യമായി പറഞ്ഞിട്ടുമുണ്ട്.
20കാരനായ അര്‍ജുനുമായി ആഴത്തിലുള്ള സൗഹൃദം രൂപപ്പെട്ടതിന്റെ പിന്നാമ്പുറക്കഥകള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഡാനിയേല.
ആദ്യമായി കണ്ടതെന്ന്, സൗഹൃദം വളര്‍ന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളെല്ലാം ഒരു വെബ്സൈറ്റിനു നല്കിയ അഭിമുഖത്തിലാണ് ഡാനിയേല വെളിപ്പെടുത്തിയത്.
ആ സൗഹൃദത്തിന്റെ കഥ ഡാനിയേല പറയുന്നതിങ്ങനെ…’2009ലോ 2010ലോ ആണെന്നു തോന്നുന്നു, ആദ്യമായി ഞാന്‍ സച്ചിനെയും അര്‍ജുനെയും കാണുന്നത് ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്വച്ചാണ്.
എംസിസി യുവ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പമായിരുന്നു അവര്‍. അന്ന് സച്ചിന് അവിടെ നെറ്റ്സില്‍ പരിശീലിക്കുമ്പോള്‍ കൂടെ അര്‍ജുനുമുണ്ടായിരുന്നു.
ഞാന്‍ നേരെ അവിടേക്കു ചെന്ന് എന്നെത്തന്നെ പരിചയപ്പെടുത്തി.
അന്ന് അര്ജുന് കൂടിപ്പോയാല്‍ ഒരു 10 വയസ്സ് കാണും. തീരെ ചെറിയ കുട്ടിയായിരുന്നു’.
‘അന്നത്തെ ഞങ്ങളുടെ ഫോട്ടോ ഗൂഗിളിലോ മറ്റോ ഉണ്ട്. അന്ന് നെറ്റ്സില്‍ ഞാന്‍ അര്‍ജുനെതിരെ ബോള്‍ ചെയ്തു. അവന് വളരെ നന്നായിത്തന്നെ കളിച്ചു.
അതിനുശേഷം അര്ജുന് എന്നൊക്കെ ലോര്‍ഡ്സിലെ നെറ്റ്സില്‍ പരിശീലിക്കാന്‍ വന്നാലും എനിക്കെതിരെ ന്യൂബോള്‍ എറിയാന്‍ ആവശ്യപ്പെടും. ഇപ്പോള്‍ അവന്റെ ബോളിങ് വേഗം വളരെയധികം കൂടിയിട്ടുണ്ട്.’ഡാനിയേല പറയുന്നു.
ബൗണ്‍സറെറിഞ്ഞ് തന്റെ തലയില്‍ കൊള്ളിക്കുമെന്ന് അവന് എപ്പോഴും പറയാറുള്ളതിനാല്‍ അവനെക്കൊണ്ട് ബോള്‍ ചെയ്യിക്കാന്‍ തനിക്കു വലിയ താല്പര്യമില്ലെന്നും വളരുംതോറും അവന്റെ പന്തുകള്‍ കൂടുതല്‍ അപകടകരമാവുകയാണെന്നും ഡാനിയേല പറയുന്നു.
‘അര്‍ജുന്റെ കുടുംബവും വളരെ സൗഹൃദത്തോടെ പെരുമാറുന്നവരാണ്. അര്‍ജുന്റെ അമ്മയും വളരെ കൂട്ടാണ്. അടുത്തിടെ ഓസ്ട്രേലിയയില്‍വച്ച് ലോകകപ്പിനിടെ ഞാന്‍ സച്ചിനെ കണ്ടു.
അദ്ദേഹത്തിനടുത്തേക്ക് ഓടിച്ചെന്ന് സംസാരിക്കുകയും ചെയ്തു. അദ്ദേഹത്തെ കാണുന്നതും മിണ്ടുന്നതും എനിക്കു വളരെ ഇഷ്ടമാണ്.’ഡാനിയേല പറയുന്നു.